യെമൻ ഓപ്പറേഷനിൽ പരുക്കേറ്റ സൈനികന്റെ വിയോഗത്തിൽ യുഎഇ അനുശോചനം രേഖപ്പെടുത്തി
Mail This Article
അൽ ഐൻ ∙ 2015-ൽ യെമനിൽ നടന്ന ഓപറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ യുഎഇ സൈനികൻ മുഹമ്മദ് അതിഖ് സാലെം ബിൻ സലൂമ അൽ ഖൈലി അന്തരിച്ചു. കഴിഞ്ഞ 10 വർഷത്തോളമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
സൈനികന്റെ മരണം പ്രതിരോധ മന്ത്രാലയം അറിയിക്കുകയും മരിച്ചയാളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. 2015 സെപ്റ്റംബറിൽ യെമനിൽ ഹൂതി വിമതർക്കെതിരെ പോരാടുന്നതിനിടെ 45 യുഎഇ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ്.
സൈനികരെ ലക്ഷ്യമിട്ട് വന്ന മിസൈൽ വെടിമരുന്ന് ഡിപോയിൽ പൊട്ടിത്തെറിച്ചതായി അന്ന് യുഎഇ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. അതിന് മുൻപ് ഏഴ് സൈനികർ മരിച്ചതോടെ യെമനിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 52 ആയി. അതേസമയം, പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് ഫാലൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൈനികന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. അൽഐനിലെ അബു സംര ഏരിയയിൽ നടന്ന വിലാപ മജ്‌ലിസിൽ ഷെയ്ഖ് തിയാബ് പങ്കെടുത്തു.