'വോക്ക്-ഇൻ' സ്മാർട് പൊലീസ് സ്റ്റേഷൻ സേവനം ഇനി ഗ്രാൻഡ് സൂഖിൽ
Mail This Article
ദുബായ് ∙ ഏഴ് ഭാഷകളിൽ കുറ്റകൃത്യം, സാമൂഹികാധിഷ്ഠിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 'വോക്ക്-ഇൻ' സ്മാർട് പൊലീസ് സ്റ്റേഷൻ (എസ്പിഎസ്) ബർ ദുബായ് ഏരിയയിലെ ഗ്രാൻഡ് സൂഖിന് മുന്നിൽ ഉദ്ഘാടനം ചെയ്തു. വാണിജ്യ, വിനോദസഞ്ചാരത്തിന് പേരുകേട്ട, ചരിത്ര പ്രാധാന്യമുള്ള ഗ്രാൻഡ് സൂഖിലേയ്ക്കും പരിസര പ്രദേശങ്ങളിലേയ്ക്കും എസ്പിഎസ് സേവനങ്ങൾ നൽകുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെത്തുന്ന പ്രദേശമാണിത്.
പ്രത്യേകിച്ച് ബർ ദുബായെയും ദെയ്‌റയെയും ബന്ധിപ്പിക്കുന്ന അബ്ര വാട്ടർ ടാക്‌സി സ്റ്റേഷനുകളുടെ സാമീപ്യവുമുണ്ട്. മനുഷ്യ ഇടപെടലില്ലാതെ 24 മണിക്കൂറും സ്റ്റേഷൻ പ്രവർത്തിക്കുന്നു. ഇതിൽ ക്രിമിനൽ, കമ്മ്യൂണിറ്റി സേവനങ്ങൾ, സർട്ടിഫിക്കറ്റുകൾ, പെർമിറ്റുകൾ മുതലായവ ഉൾപ്പെടുന്നു. കൂടാതെ വീഡിയോ കോൺഫറൻസിങ് സംവിധാനം വഴി സ്പെഷ്യലൈസ്ഡ് ഓഫീസർമാരുമായി സംസാരിച്ച് വ്യക്തികൾക്ക് റിപ്പോർട്ടുകൾ ഫയൽ ചെയ്യാം.
ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് വിവിധ മാതൃകകളിൽ ദുബായിലുടനീളമുള്ള സ്‌മാർട്ട് പൊലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നടക്കുന്നതെന്ന് മേജർ ജനറൽ അൽ മൻസൂരി പറഞ്ഞു. എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും സുരക്ഷ വർധിപ്പിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാർട്ടും സന്തോഷവുമുള്ള നഗരമാക്കാൻ സഹായിക്കുകയും ചെയ്യുന്ന സ്മാർട്ട് പൊലീസിങ് സേവനങ്ങൾ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽഖലീൽ ഇബ്രാഹിം അൽ മൻസൂരിക്ക് സ്റ്റേഷൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും അത് പൊതുജനങ്ങൾക്ക് നൽകുന്ന സ്‌മാർട്ട് സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊടുത്തു. ലോജിസ്റ്റിക് സപോർട്, കമ്മ്യൂണിറ്റി ഹാപ്പിനസ് അഫയേഴ്സ് അസിസ്റ്റൻ്റ് കമാൻഡൻ്റും സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾക്കായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനുമായ മേജർ ജനറൽ അലി ഗാനെം, പൊലീസ് സ്റ്റേഷൻ ഡയറക്ടർമാർ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.