ഫിഫ ലോകകപ്പ്: ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിക്ക്
Mail This Article
റിയാദ് ∙ ഫിഫ ലോകകപ്പ് 2034 ന്റെ ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിയ്ക്ക്. അഞ്ചിൽ 4.2 ആണ് സൗദിയുടെ സ്കോർ.
യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ഒരുമിച്ച് ചേർന്ന് നടത്തുന്ന 2026 ഫിഫ ലോകകപ്പിന്റെ ബിഡിൽ ലഭിച്ചതിനേക്കാൾ ഏറ്റവും ഉയർന്ന സ്കോർ ആണിത്. 2026 ലോകകപ്പിൽ 4.0 ആയിരുന്നു സ്കോർ. 2034, 2030 ലോകകപ്പ് എഡിഷനുകളുടെ ബിഡ് വിവരങ്ങളുടെ റിപ്പോർട്ട് ഫിഫ അധികൃതർ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.
മത്സരങ്ങൾക്കായി 15 സ്റ്റേഡിയങ്ങളാണ് സൗദി തയാറാക്കുന്നത്. ഈ വിഭാഗത്തിൽ ഓവറോൾ സ്കോർ 4.1 ആണ്. ടീമുകൾക്കും റഫറികൾക്കുമുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ 3.9 ആണ് സ്കോർ. 5 ഇടങ്ങളിലായുള്ള അക്കോമഡേഷൻ സൗകര്യങ്ങൾക്ക് 4.1 ആണ് മൊത്തത്തിലുള്ള സ്കോർ. ഗതാഗത സൗകര്യങ്ങളിൽ 4.2 ആണ് സ്കോർ. പ്രൊപ്പോസ്ഡ് ഐബിസി സൈറ്റ് സ്കോർ 4.7 ആണ്. 5 ഇടങ്ങളിലുള്ള ഫാൻ ഫെസ്റ്റിവൽ കേന്ദ്രങ്ങളുടെ കാര്യത്തിൽ 3.9 ആണ് സ്കോർ. ഡിസംബർ 11ന് നടക്കുന്ന ഫിഫ ജനറൽ അസംബ്ലിയിൽ 2030, 2034 ഫിഫ ലോകകപ്പിന്റെ ആതിഥേയരെ പ്രഖ്യാപിക്കും.
കഴിഞ്ഞ ഒക്ടോബറിൽ, ഫുട്ബോൾ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിന് സൗദിയുടെ സൗകര്യങ്ങൾ വിലയിരുത്താൻ ഫിഫ പ്രതിനിധി സംഘം രാജ്യത്തെത്തിയിരുന്നു. ടൂർണമെന്റ് നടക്കുന്ന നഗരങ്ങൾ, കായിക പദ്ധതികൾ, സൗകര്യങ്ങൾ എന്നിവയെല്ലാം അധികൃതർ സന്ദർശിച്ചിരുന്നു. നാം ഒരുമിച്ച് വളരും എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ലോകകപ്പിന് ആതിേഥയത്വം വഹിക്കാൻ സൗദി തയാറെടുക്കുന്നത്. റിയാദ്, ജിദ്ദ, അൽ ഖോബാർ, അബഹ, നിയോം, കൂടാതെ രാജ്യത്തുടനീളമുള്ള മറ്റ് പത്ത് ഇടങ്ങളിലുമായാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.