ADVERTISEMENT

ദുബായ് ∙ 53–ാം ദേശീയ ദിനത്തിന് ഒരുങ്ങി യുഎഇ. ദേശീയ പതാകയുടെ നിറം പൂശി രാജ്യത്തെ കെട്ടിടങ്ങളും നിരത്തുകളുമെല്ലാം  ആഘോഷത്തിന് ഒരുങ്ങി. ഇന്നുമുതൽ അവധി തുടങ്ങുന്നതിനാൽ ഓഫിസുകളിലെ ആഘോഷങ്ങൾ ഇന്നലെ പൂർത്തിയായി. മലയാളികൾ അടക്കമുള്ളവർ ഇമറാത്തി വസ്ത്രങ്ങൾ അണിഞ്ഞ് ആഘോഷത്തിന്റെ ഭാഗമായി. 1971ൽ ഏഴ് എമിറേറ്റുകൾ കൈകോർത്ത് യുഎഇ എന്ന രാജ്യം നിലവിൽ വന്നതിന്റെ ആഘോഷം ഈ വർഷം മുതൽ ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് അറിയപ്പെടുക. ഡിസംബർ 2ന് ആണ് ദേശീയ ദിനം. 

ഡിസംബർ 3 വരെയാണ് അവധി. 2, 3 തീയതികളിൽ സ്വകാര്യ മേഖലയ്ക്കും അവധിയാണ്. പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇന്നുമുതൽ ചൊവ്വാഴ്ച വരെ ലഭിക്കില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ സൗജന്യ പാർക്കിങ് ലഭിക്കും. ഫലത്തിൽ നാളെ മുതൽ പാർക്കിങ് സൗജന്യമാണ്. ഡു മൊബൈൽ കണക്‌ഷൻ ഉള്ളവർക്ക് 7 ദിവസത്തേക്ക് 53 ജിബി സൗജന്യ ഡേറ്റ ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ദുബായിലെ ജുമൈറ ബീച്ച് 2, 3, ഉംസുഖീം 1, 2 ബീച്ചുകളിൽ ഈ ദിവസങ്ങളിൽ കുടുംബങ്ങൾക്കു മാത്രമാണ് പ്രവേശനം. 

സബീൽ, അൽ സഫ, മംസാർ, മുഷ്റിഫ് എന്നീ പാർക്കുകൾ രാവിലെ 8 മുതൽ രാത്രി 11വരെ തുറക്കും. ഗ്ലോബൽ വില്ലേജിൽ ചൊവ്വാഴ്ച വരെ രാത്രി 9ന് വെടിക്കെട്ട് ഉണ്ടാകും. ബ്ലൂവാട്ടേഴ്സ്, ദ് ബീച്ച്, ജെബിആർ എന്നിവിടങ്ങളിൽ ഒന്നിന് രാത്രി 8നും ഹത്തയിൽ 2ന് രാത്രി 8നും ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ 2ന് രാത്രി 9.10നും അൽ സീഫിൽ 3ന് രാത്രി 9നും റിവർ ലാൻഡ് ദുബായ് പാർക്സ് ആൻഡ് റിസോർട്സിൽ ഒന്ന്, രണ്ട് തീയതികളിൽ രാത്രി 7നും 9.30നും വെടിക്കെട്ട് ഉണ്ടായിരിക്കും. 

വെടിക്കെട്ടും സമയവും
അബുദാബിയിൽ യാസ് ബേ വാട്ടർ ഫ്രണ്ടിൽ 2ന് രാത്രി 9ന്, യാസ് മറീന സർക്കീറ്റിൽ 2ന് രാത്രി 9ന്, അൽ മര്യാ ഐലൻഡിൽ 2, 3 തീയതികളിൽ രാത്രി 9ന്, ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 1, 2, 3 തീയതികളിൽ, അൽ ഐനിൽ മദർ ഓഫ് ദ് നേഷൻ ഫെസ്റ്റിവലിൽ 1, 2 തീയതികളിൽ. ഉമ്മുൽഖുവൈൻ അൽഖോർ വാട്ടർ ഫ്രണ്ടിൽ 2ന് രാത്രി 7ന്. യുഎഇയുടെ ഔദ്യോഗിക ദേശീയ ദിനാഘോഷ പരിപാടികൾ ഈ വർഷം അൽഐനിലാണ്. ഇവിടെ എല്ലാവർക്കും പ്രവേശനമില്ല. 2ന് വൈകിട്ട് 6.15ന് ആഘോഷം തുടങ്ങും.

നാളെ മുതൽ 3 ദിവസം പാർക്കിങ് സൗജന്യം
ദുബായ് ∙ യുഎഇ ദേശീയദിന അവധിയുടെ ഭാഗമായി ദുബായിൽ 2 ദിവസത്തെ സൗജന്യ പാർക്കിങ്. ഡിസംബർ 2, 3 തീയതികളിൽ ബഹുനില പാർക്കിങ് ഒഴികെ എല്ലാ പൊതു പാർക്കിങ്ങുകളും സൗജന്യമായിരിക്കും. ഞായറാഴ്ചകളിലും സൗജന്യമായതിനാൽ നാളെ മുതൽ മൂന്നു ദിവസം പാർക്കിങ് ഫീസ് നൽകേണ്ടതില്ല. അവധി ദിവസങ്ങളിൽ ദുബായ് മെട്രോയും ട്രാമും അധിക മണിക്കൂർ സർവീസ് നടത്തും. അബ്രകളും വാട്ടർ ടാക്‌സികളും ഫെറിയും കൂടുതൽ സമയം സർവീസ് നടത്തും.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ആഘോഷം 3ന്
ഷാർജ∙ യുഎഇ ദേശീയ ദിനത്തിൽ വിപുലമായ പരിപാടികളുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ. ഡിസംബർ 3ന് വൈകിട്ട് 7 മുതൽ അസോസിയേഷൻ കമ്യൂണിറ്റി ഹാളിലാണ് പരിപാടി. പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷനായിരിക്കും.

English Summary:

UAE Marks National Day on December 2nd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com