'ബാത്തിനോത്സവം 2025': വനിതാ വിങ്ങും ബാല സമിതിയും രൂപീകരിച്ചു
Mail This Article
സുഹാർ ∙ ജനുവരി 31ന് സുഹാറിൽ നടക്കുന്ന "ബാത്തിനോത്സവം 2025' വിജയിപ്പിക്കാൻ വനിതാ വിങ്ങും ബാലസമിതിയും രൂപീകരിച്ചു. സുഹാർ അംബാറിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ വിവിധ മേഖലയിൽ നിന്ന് നിരവധി പേർ പങ്കെടുത്തു. ഹസിത സുഷാമിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക പരിപാടി രാജേഷ് കെ.വി. ഉദ്ഘാടനം ചെയ്തു.
ബാത്തിനോത്സവം ജനറൽ കൺവീനർ സജീഷ് ജി. ശങ്കർ, തമ്പാൻ തളിപ്പറമ്പ, കെ.കെ.വാസുദേവൻ, ഡോ.റോയ് പി. വീട്ടിൽ, മുരളി കൃഷ്ണൻ, സുനിൽ കുമാർ, സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. സുഹാറിലെ മലയാള മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് മിഷൻ പ്രവർത്തക ലിൻസി സുഭാഷ് ചടങ്ങിൽ വിശദീകരിച്ചു.
ബാത്തിനോത്സവം പരിപാടിയുടെ വിശദീകരണം പ്രോഗ്രാം കൺവീനർ സിറാജ് തലശ്ശേരി നൽകി. വനിതാ വിഭാഗം കൺവീനറായി ഹസിത സുഷാമിനെയും, ജോയിന്റ് കൺവീനർമാരായി അനൂജ പ്രവീണിനെയും ജാസ്മിൻ ഷഫീഖിനെയും തിരഞ്ഞെടുത്തു. ബാല സമിതി ക്യാപ്റ്റനായി ഫറ ഫാത്തിമയെയും, വൈസ് ക്യാപ്റ്റനായി നുഫൈൽ നസീബിനെയും തിരഞ്ഞെടുത്തു. അനൂജ പ്രവീൺ സ്വാഗതവും ജയൻ ഇടപ്പറ്റ നന്ദിയും പറഞ്ഞു.
ബാത്തിനോത്സവം വേറിട്ട ഒരു പരിപാടിയാകും. നാട്ടിൽ നിന്ന് എത്തുന്ന കലാകാരന്മാരും മിമിക്രി മേഖലയിൽ നിന്നുള്ളവരും അണി നിരക്കുന്ന പരിപാടിയിൽ ഘോഷയാത്ര, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ, പഞ്ചാവാദ്യം, സാംസ്‌കാരിക സമ്മേളനം എന്നിങ്ങനെ വ്യത്യസ്ത കലാ രൂപങ്ങൾ കോർത്തിണക്കിയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പ്രവേശനം സൗജന്യമായിരിക്കും.