മെട്രോഷ് ടു ആപ്പിന് അറബ് ഗവൺമെന്‍റ് എക്സലൻസ് അവാർഡ്
Mail This Article
ദോഹ ∙ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മെട്രോഷ് ടു സ്മാർട്ട് ആപ്പ് അറബ് ഗവൺമെന്‍റ് എക്സലൻസ് അവാർഡ് നേടി. അറബ് ലീഗ് ജനറൽ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഈ നേട്ടം കൈവരിച്ചത്. കയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതർ അവാർഡ് ഏറ്റുവാങ്ങി.
നിരവധി സേവനങ്ങൾ ഒന്നിച്ചുനിൽക്കുന്ന മെട്രോഷ് ടു അറബ് രാജ്യങ്ങളിൽ സർക്കാർ സേവനങ്ങൾ ഏറ്റവും ലളിതവും സുരക്ഷിതമായും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സ്മാർട്ട് ആപ്പ് എന്ന നിലയിലാണ് അവാർഡ് സ്വന്തമാക്കിയത്. സർക്കാർ ആപ്പുകളുടെ മത്സരത്തിലാണ് ഖത്തർ മെട്രോഷ് ടു ആപ്പ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
റസിഡൻസ് രേഖകളുടെ സേവനങ്ങൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ ഉൾക്കൊള്ളുന്നതോടൊപ്പം മികച്ച സാങ്കേതിക മികവും മുഴുവൻ സമയ സേവനവും ലഭ്യമാക്കുന്നു എന്നതാണ് മെട്രോഷ് ടുവിന്‍റെ സവിശേഷത. സാധ്യമാകുന്ന സേവനങ്ങളെല്ലാം അതത് കാലങ്ങളിൽ കൂട്ടിച്ചേർത്ത് രാജ്യത്ത് സർക്കാർ സേവനങ്ങൾ പരമാവധി ഇലക്ട്രോണിക് വഴിയാക്കി മാറ്റുന്നതിൽ വലിയ പങ്കാണ് മെട്രോഷ് ടു വഹിക്കുന്നത്.
കയ്റോയിലെ അറബ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ അൽ മുഫ്ത, ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ജാസിം അൽ ബുഹാഷിം പുരസ്കാരം ഏറ്റുവാങ്ങി.