യുഎഇ വിപണിയിലുള്ള കാരറ്റിൽ ഇ കോളി ബാധയില്ലെന്ന് റിപ്പോർട്ട്; പരിശോധന കർശനമാക്കി രാജ്യം
Mail This Article
അബുദാബി ∙ യുഎഇ വിപണിയിൽ ലഭ്യമായ ജൈവ കാരറ്റിൽ ഇ കോളി ബാക്ടീരിയ (ഒ121: എച്ച്19) റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ഫുഡ് കൺട്രോൾ അതോറിറ്റിയുമായി ചേർന്ന് നടത്തിയ പരിശോധനകളിലാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ചത്.
യുഎസിൽ ഗ്രിംവേ ഫാംസ് വിൽക്കുന്ന ഒന്നിലധികം ബ്രാൻഡ് ഓർഗാനിക് കാരറ്റിലും ബേബി കാരറ്റിലും ഇ-കോളി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് യുഎഇ പരിശോധന കർശനമാക്കിയത്. മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിലും പരിസ്ഥിതി, ഭക്ഷണം, വെള്ളം എന്നിവയിലും സാധാരണയായി കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ഇ.കോളി.
വയറിളക്കം, വയറുവേദന, ഓക്കാനം, പനി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾ, വയോധികർ തുടങ്ങിയവരിൽ രോഗം ഗുരുതരമാകാം. ഇത് വൃക്കത്തകരാറിലേക്ക് നയിച്ചേക്കാം. മലിന ജലം/ഭക്ഷണം, വേവിക്കാത്ത മാംസം, കഴുകാത്ത പഴങ്ങൾ/പച്ചക്കറികൾ എന്നിവ കഴിക്കുന്നതും അണുബാധയ്ക്ക് കാരണമാകും. ശുചിത്വം പാലിക്കുക, ഭക്ഷണം നന്നായി പാചകം ചെയ്ത് കഴിക്കുക, ഭക്ഷണവും വെള്ളവും മലിനമല്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രതിരോധ നടപടികൾ.