പുനരുപയോഗ ഊർജോൽപാദനം കൂട്ടാൻ യുഎഇ; 6 വർഷത്തിനകം വൻകിട സൗരോർജ പദ്ധതികൾ
Mail This Article
അബുദാബി ∙ അറബ് ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ യുഎഇ, പുനരുപയോഗ ഊർജോൽപാദനം വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2030ഓടെ കൂടുതൽ വൻകിട സൗരോർജ പദ്ധതികൾ ആരംഭിക്കുമെന്ന് മന്ത്രി സുഹൈൽ അൽ മസ്റൂഇ പറഞ്ഞു. റാസൽഖൈമയിൽ ഊർജ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷത്തിൽ 2 പദ്ധതികൾ വീതം ആരംഭിച്ച് രാജ്യത്തിന്റെ കാർബൺ രഹിത പദ്ധതിക്ക് (നെറ്റ് സീറോ 2050) പിന്തുണ നൽകുകയാണ് ലക്ഷ്യം.
നിലവിൽ രാജ്യത്തിന് 6 ജിഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതിയുണ്ടെന്നും സൂചിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് ആനുപാതികമായി ഉയർന്ന ഊർജ ആവശ്യകതയുണ്ടെന്നും മന്ത്രി പറഞ്ഞു. എണ്ണയിതര വരുമാനം വർധിപ്പിച്ച് സാമ്പത്തിക വൈവിധ്യവൽക്കരണത്തിനൊപ്പം രാജ്യത്തെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് മറ്റൊരു ലക്ഷ്യം. പുനരുപയോഗ ഊർജം, ആണവോർജം എന്നിവയുൾപ്പെടെ സംശുദ്ധ ഊർജ സ്രോതസുകളിൽനിന്ന് 2030ഓടെ 30 ശതമാനം ഊർജം ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ. 6 വർഷത്തിനകം 15 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായ അബുദാബി അൽ ദഫ്രയിലെ സൗരോർജ പ്ലാന്റ് (2 ജിഗാവാട്ട്) കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തിരുന്നു. ഇതിലൂടെ 2 ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകുന്നു. പ്രകൃതി സൗഹൃദ ഊർജ ഉൽപാദനം വർധിപ്പിക്കുന്നതോടെ അബുദാബിയുടെ കാർബൺ പുറന്തള്ളൽ വർഷത്തിൽ 24 ലക്ഷം ടണ്ണിലധികം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. റോഡിൽനിന്ന് 4.7 ലക്ഷം കാറുകൾ നീക്കം ചെയ്യുന്നതിന് തുല്യമാണിത്. വടക്കൻ എമിറേറ്റുകളിലേക്കുള്ള വൈദ്യുതിയും ദേശീയ ഗ്രിഡ് മുഖേന അബുദാബിയാണ് വിതരണം ചെയ്യുന്നത്.
അബുദാബിയിലെ ബറാക ആണവ നിലയത്തിലെ 4 യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തന സജ്ജമായതോടെ പ്ലാന്റിന്റെ മൊത്തം ശേഷി 5.6 ജിഗാവാട്സ് ആയി ഉയർന്നു. രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം വരെ ആണവോർജം നൽകുന്നു.
∙ ഹൈഡ്രജൻ ഉൽപാദനം കൂട്ടും
സുസ്ഥിര വ്യോമയാന ഇന്ധനത്തിലും ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം തുടരുമെന്നും മന്ത്രി സൂചിപ്പിച്ചു. 2031ഓടെ വർഷം 14 ലക്ഷം മെട്രിക് ടൺ ഹൈഡ്രജനും 2050ഓടെ വർഷം1.5 കോടി മെട്രിക് ടൺ ഹൈഡ്രജനും ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.
∙ വൈദ്യുതി ഉപഭോഗം ഇരട്ടിയിലധികമാകും
2017ൽ യുഎഇ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രഖ്യാപിച്ചതിനെ തുടർന്ന് വിവിധ സംരംഭങ്ങൾ ആരംഭിച്ച യുഎഇ ദീർഘകാലമായി എഐയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് പ്രധാന മേഖലകളിൽ സ്മാർട്ട് സംവിധാനങ്ങൾ സൃഷ്ടിക്കാൻ കാരണമായി. ഡേറ്റ സെന്ററുകളുടെ മൊത്തം വൈദ്യുതി ഉപഭോഗം 2022ൽ 460 ടെറാവാട്ട് മണിക്കൂറിൽ നിന്ന് 2026ഓടെ ഇരട്ടിയിലധികമായി ഉയരുമെന്ന് ഇന്റർനാഷനൽ എനർജി ഏജൻസി പ്രവചിക്കുന്നു. ഇതിനു ആനുപാതികമായി ഊർജോൽപാദന പദ്ധതികൾ കൊണ്ടുവരുമെന്നും സൂചിപ്പിച്ചു.