ADVERTISEMENT

ദോഹ∙ ശൈത്യകാലമാണ്. പുറത്തിറങ്ങിയാൽ തണുപ്പും കാറ്റും കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ അധികസമയം വേണ്ട. വീട്ടിലായാലും പുറത്തായാലും ജീവന് ഭീഷണിയുണ്ടാക്കുന്ന അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ ഉണ്ടായാൽ 999 എന്ന നമ്പറിൽ വിളിച്ച് ആംബുലൻസിന്റെ സേവനം തേടാൻ മറക്കേണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ആംബുലൻസ് സേവനം തേടാവൂ എന്നും നിർദേശം

ശൈത്യകാലത്താണ് പകർച്ചപനി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുന്നത് എന്നതിനാൽ ആരോഗ്യ മേഖലയ്ക്ക് തിരക്കേറിയ സമയമാണിത്. കഴിഞ്ഞ വർഷം ആംബുലൻസ് സേവനത്തിനായി 999 നമ്പറിൽ സഹായം തേടിയെത്തിയത് 2,95,000 ഫോൺ കോളുകളാണ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബറിൽ വരെ 3,31,190 കോളുകളാണ് എത്തിയത്. 

അതേസമയം നിസാരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ആംബുലൻസ് സേവനം തേടരുതെന്നും അധികൃതർ ഓർമപ്പെടുത്തി.  ആരോഗ്യത്തിനും ജീവനും ഭീഷണിയുണ്ടാക്കുന്ന അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ആംബുലൻസ് സേവനം തേടാവൂ. ജീവന് ഭീഷണിയല്ലാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് അടുത്തുള്ള ഹെൽത്ത് സെന്ററിൽ ചികിത്സ തേടണം. 

അടിയന്തര സാഹചര്യത്തിലുള്ള രോഗികളുടെ അടുത്തേക്ക് വേഗമെത്താൻ ആംബുലൻസ് ടീം 24 മണിക്കൂറും സജ്ജമാണ്. ഈ  വർഷം ആംബുലൻസ് സേവനം തേടിയുള്ള ഫോൺ കോളുകളുടെ എണ്ണം വളരെകൂടുതലാണ്. ഏതൊക്കെ അടിയന്തര ഘട്ടങ്ങളിലാണ് ആംബുലൻസിന്റെ സേവനം തേടേണ്ടത് എന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് എച്ച്എംസി എമർജൻസി ഹെൽത്ത് രെയർ കോ–ഓർഡിനേഷൻ അസി.എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ലസീസ് അൽയാഫെ ചൂണ്ടിക്കാട്ടി. സ്ട്രോക്ക്, ഹൃദയാഘാതം, വാഹനാപകടം, ഗുരുതരമായ അലർജി, നെഞ്ചുവേദന, അബോധാവസ്ഥയിലാകുക, പെട്ടെന്നുണ്ടാകുന്ന തീവ്രമായ രോഗം എന്നീ സാഹചര്യങ്ങളിലാണ് ആംബുലൻസ് സേവനം തേടേണ്ടതെന്നും അദ്ദേഹം വിശദമാക്കി.

ആംബുലൻസിലെ പാരാമെഡിക്കൽ സംഘം അടിയന്തര സാഹചര്യത്തിലുള്ള രോഗികളുടെ അടുത്ത് അതിവേഗമെത്തി പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ ആശുപത്രികളിൽ എത്തിക്കുകയാണ് പതിവ്. ഇക്കാര്യത്തിൽ കമ്യൂണിറ്റികളുടെ പിന്തുണ ലഭിക്കാറുണ്ടെന്ന്  എച്ച്എംസി ആംബുലൻസ് സർവീസ് അസി.എക്സിക്യൂട്ടീവ് ഡയറക്ടർ അലി ദാർവിഷ് പറഞ്ഞു. 

English Summary:

Hmc Reminds The Public- To-Save-The-Ambulance-Service-Forr-Medical-Emergencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com