ഐസിബിഎഫ് ദിനാഘോഷവും അവാർഡ് ദാനവും സംഘടിപ്പിച്ചു
Mail This Article
ദോഹ ∙ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ് ഖത്തർ), ഐസിബിഎഫ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ നിസ്തുലമായ സേവനം കാഴ്ചവച്ചവർക്ക് അവാർഡുകൾ വിതരണം ചെയ്തു. വക്രയിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥി ആയിരുന്നു.
ഖത്തറിലെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്നങ്ങളിൽ ഐസിബിഎഫ് നടത്തുന്ന സജീവ ഇടപെടലുകളെയും, ഇന്ത്യൻ എംബസിയുമായി ചേർന്നുള്ള പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പരിപാടിയിൽ ഐസിബിഎഫ് പ്രസിഡന്റ്. ഷാനവാസ് ബാവ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോർഡിനേറ്റിങ് ഓഫിസറുമായ ഈഷ് സിംഗാൾ, ഖത്തർ തൊഴിൽ മന്ത്രാലയ പ്രതിനിധി ഖാലിദ് അബ്ദുൾ റഹ്മാൻ ഫക്രു, ഐസിബിഎഫ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം ബഷീർ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൾ റഹ്മാൻ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗ്ഗലു, ഹരീഷ് കാഞ്ചാണി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഐസി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദിയും പറഞ്ഞു. ഇന്ത്യൻ സമൂഹത്തിൽ നടത്തിവരുന്ന പ്രതിബദ്ധതയാർന്ന സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള 2023-24 വർഷത്തെ എം.കാഞ്ചാണി അവാർഡ്, മുൻ ഐസിസി- ഐസിബിഎഫ് പ്രസിഡന്റ് പി.എൻ ബാബുരാജനും, ഏ. ബി. എൻ കോർപ്പറേഷൻ ചെയർമാൻ ജെ. കെ. മേനോനും സമ്മാനിച്ചു.
മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ.പി. അബ്ദുൾ ഹമീദ് സ്മാരക അവാർഡിന് ജോപ്പച്ചൻ തെക്കെക്കൂറ്റും, ബിസിനസ് രംഗത്തെ സാമൂഹ്യ പ്രതിബദ്ധതക്കുള്ള സി.കെ. മേനോൻ സ്മാരക അവാർഡിന് റിയാദാ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസയും, ഐ. സി. ബി.എഫ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അൽ മുഫ്ത കോൺട്രാക്ടിങ് ജനറൽ മാനേജർ വി.എസ്. മന്നങ്കിയും, പ്രത്യേക അവാർഡിന് ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ ഖാലിദ് അബ്ദുൾ റഹ്മാൻ ഫക്രുവും അർഹരായി.
വിവിധ രംഗത്തെ സംഭാവനകൾ പരിഗണിച്ച് മണിഭാരതി, രമേശ് സുരാന, സന്തോഷ് കുമാർ പിള്ളൈ, സുനിത ചതുർവേദി, മേഹുൽ പട്ടേൽ, ജാഫർ തയ്യിൽ, വിശ്വനാഥൻ കടമ്പോട്ട്, വാർസിൽ വിക്ടർ മണ്ഡ, നിവേദിത കേത്കർ, ഫൈസൽ ഹുദവി, പ്രദീപ് പിള്ളൈ, യെല്ലയ്യ തല്ലപ്പള്ളി, റഷാദ് പള്ളിക്കണ്ടി, നൗഫൽ മേനടംവളപ്പിൽ തുടങ്ങിയവർക്കും അവാർഡുകൾ സമ്മാനിച്ചു. വിവിധ സംഘടനകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. മയക്കുമരുന്ന് കടത്തിൻ്റെ ചതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ലഘുനാടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.