ADVERTISEMENT

അബുദാബി ∙ ഇന്ന് 53ാം ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയുടെ പിറവിക്കും തുടർന്നുള്ള വികസനങ്ങൾക്കും സാക്ഷ്യം വഹിച്ചുവരുന്ന അപൂർവം മലയാളികളിൽ ഒരാളാണ് എറണാകുളം ഞാറയ്ക്കല്‍ സ്വദേശി വര്‍ഗീസ് പനയ്ക്കൽ. യുഎഇയുടെ പിറവിക്കു മുൻപേ ഇവിടെ എത്തി ഈ രാജ്യത്തിനൊപ്പം വളർന്ന വ്യവസായി. കഠിനാധ്വാനത്തിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്തുകയും കഴിഞ്ഞ 55 വർഷമായി ബിസിനസിൽ തുടരുകയും ചെയ്യുന്ന 78കാരൻ.

ജീവിതത്തിൽ എല്ലാം സമ്മാനിച്ച യുഎഇയോടുള്ള ഇഷ്ടം മൂലം ശിഷ്ടകാലവും ഇവിടെ തന്നെ തുടരാനാണ് മോഹം. ഈ രാജ്യത്തോടുള്ള പ്രണയത്തിന് അഞ്ചരപതിറ്റാണ്ടിന്റെ ഫ്ലാഷ് ബാക്കുണ്ട്. ഗള്‍ഫ് കേരള കുടിയേറ്റത്തിന്റെ പ്രാരംഭ കാലം. അറബിപ്പൊന്നിന്റെ തിളക്കത്തില്‍ ആകൃഷ്ടരായ യുവാക്കള്‍ ജീവന്‍ പണയംവച്ചും കള്ള ലോഞ്ചില്‍ കയറിക്കൂടി കരപറ്റാനുള്ള പരീക്ഷണ കാലത്ത് 1969 ഡിസംബര്‍ 31ന് വര്‍ഗീസും മുംബൈയിൽനിന്ന് ദുബായിലേക്കുള്ള കപ്പലിൽ കയറിപ്പറ്റി.

വത്തിക്കാനിൽ നടന്ന സർവമത സമ്മേളനത്തിൽവച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആറന്മുള കണ്ണാടി സമ്മാനിക്കുന്ന വർഗീസും ഭാര്യ ജാനെറ്റും.
വത്തിക്കാനിൽ നടന്ന സർവമത സമ്മേളനത്തിൽവച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആറന്മുള കണ്ണാടി സമ്മാനിക്കുന്ന വർഗീസും ഭാര്യ ജാനെറ്റും.

ബ്രിട്ടിഷുകാരുടെ അധീനതയില്‍ ട്രൂഷ്യല്‍ സ്റ്റേറ്റായിരുന്ന അബുദാബിയില്‍നിന്നുള്ള എന്‍ഒസിയിലായിരുന്നു (ഇന്നത്തെ വീസ) യാത്ര. മദ്രാസിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനില്‍നിന്ന് യാത്രാനുമതി നേടി വര്‍ഗീസ് മുംബൈയില്‍നിന്ന് കപ്പലില്‍ പുറപ്പെട്ട് 7 ദിവസംകൊണ്ട് ദുബായ് പോര്‍ട്ടിലെത്തി. നിയമാനുസൃത യാത്രയായതിനാൽ പത്തേമാരിയിലെ പള്ളിക്കല്‍ നാരായണന്റെ കഷ്ടപ്പാടൊന്നും വര്‍ഗീസിനുണ്ടായില്ല.

വർഗീസും ഭാര്യ ജാനെറ്റും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വർഗീസും ഭാര്യ ജാനെറ്റും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ദുബായിൽ നിന്ന് സുഹൃത്ത് ആന്റണി പടമാടനൊപ്പം അബുദാബിയിലേക്ക്. കരകാണാകടലിനെ പോലെ കണ്ണെത്താ ദൂരത്തിനപ്പുറത്തേക്ക് പരന്നുകിടക്കുന്ന മരുഭൂമിക്ക് നടുവിലൂടെ മൺ റോഡിലൂടെയായിരുന്നു യാത്ര. അബുദാബിയിലെ അഹ്മദ് ഖലീൽ അല്‍ ബക്കർ ആൻഡ് സൺസിൽ ഫാര്‍മസിസ്റ്റ് ആയാണ് എത്തിയത്. അതിനാൽ ജോലി തേടി അലയേണ്ടിവന്നില്ല. ഇന്നത്തെ പോലെ സമൃദ്ധമായ വെള്ളവും വൈദ്യതിയൊന്നും ഇല്ലാത്ത കാലം. ചാക്ക് നനച്ചുവിരിച്ച് അതിൽ കിടന്ന് അത്യുഷ്ണം അതിജീവിച്ച ഓർമകൾ പങ്കുവയ്ക്കുന്നത് പിന്നീട് ഗൾഫിന്റെ പൂന്തോട്ടമായി മാറിയ അൽഐനിലിരുന്ന്.

uae-life-story-national-day-special

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ ദീർഘവീക്ഷണവും വിശ്രമ രഹിത പ്രവർത്തനങ്ങളുമാണ് മരുഭൂമിയെ ലോകം ഉറ്റുനോക്കുന്ന രാജ്യമാക്കിയത്. അബുദാബിയിൽ 3 വര്‍ഷം അവിടെ ഫാർമസിസ്റ്റായി തുടർന്നു. പിന്നീട് ഓഫ് ഷോറിലേക്കു ജോലി മാറി. എന്നാൽ സമൂഹവുമായുള്ള ഒറ്റപ്പെടല്‍ മടുത്തപ്പോള്‍ വൈകാതെ ജോലി മതിയാക്കി ഹരിത നഗരമായ അല്‍ഐനിലേക്കു ചേക്കേറി അൽനസർ എന്ന പേരിൽ സ്വന്തമായൊരു ഫാര്‍മസി തുടങ്ങി. ബിസിനസ് രംഗത്തെ വിജയ തുടക്കം സമ്മാനിച്ച ആ അല്‍നസര്‍ ഫാര്‍മസിയെ ഇന്നും കൈവിട്ടിട്ടില്ല. ഫാര്‍മസി ശാഖകളുടെ എണ്ണം കൂടി. ഇതേ പേരില്‍ തന്നെ ജ്വല്ലറി ശൃംഖലകളും ക്ലിനിക്കും തുടങ്ങി.

വർഗീസും ഭാര്യ ജാനെറ്റും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വർഗീസും ഭാര്യ ജാനെറ്റും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഭാര്യ ജാനെറ്റ് ജീവിതത്തിലും ബിസിനസിലും താങ്ങും തണലുമായതോടെ ബിസിനസ് പടർന്നുപന്തലിച്ചു. ഒന്നുമില്ലാതെ ഇവിടെ എത്തിയ തന്നെ വലിയൊരു സംരംഭകനാക്കി മാറ്റിയ ഈ രാജ്യത്തോടും ഭരണാധികാരികളോടും എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് വര്‍ഗീസ് പറഞ്ഞു. സമീറ സ്റ്റോർ എന്ന പേരിൽ ന്യൂസ് പേപ്പർ ഏജൻസിയിലൂടെ മലയാള മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾ അൽഐനിൽ എത്തിച്ചിരുന്നതും വർഗീസ് ആയിരുന്നു. ടി.വിയൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ദിവസേന മൊത്തം 1500ലേറെ പത്രങ്ങൾ തന്റെ ഏജൻസിയിലൂടെ വിൽക്കുമായിരുന്നുവെന്ന് വർഗീസ് ഓർക്കുന്നു.

വർഗീസ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വർഗീസ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ദിവസങ്ങളുടെ ഇടവേളകളിൽ എത്തിയിരുന്ന പത്രം അബുദാബിയിൽനിന്ന് ബസ്സിൽ അൽഐനിലേക്ക് എത്തിക്കും. വിവിധ ഭാഗങ്ങളിലെ വിതരണത്തിന് 26 ന്യൂസ് ബോയ്സും ഉണ്ടായിരുന്നു. ബിസിനസ് തിരക്കിനിടയിലും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഒട്ടേറെ സംഘടനകളുടെ അമരക്കാരനാണ്. ലയൺസ് ക്ലബിന്റെ 318ബി സോൺ പ്രസിഡന്റ്, വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ, ദുബായ് റോട്ടറി ക്ലബ് അംഗം, അൽഐൻ സെന്റ് മേരീസ് ചർച്ച് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു.

അൽഐൻ ഐ.എസ്.സിയുടെ മുൻ പ്രസിഡന്റും ഇപ്പോഴത്തെ ഉപദേശകസമിതി ചെയർമാനുമാണ്. യുഎഇയിലും ഇന്ത്യയിലും ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ സംഭാവന കാഴ്ചവച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ രണ്ട് ആദിവാസി ഊരുകള്‍ ദത്തെടുത്ത ഇദ്ദേഹം 54 ആദിവാസി കുട്ടികള്‍ പഠിക്കുന്ന മൂന്നാര്‍ പയസ് നഗറിലെ ബോയ്സ് ഹോമിലെ ദൈനംദിന ചെലവുകളും വഹിച്ചുവരുന്നു. കൂടാതെ വിവാഹ, പഠന, ചികിത്സാ സഹായങ്ങളും നല്‍കിവരുന്നു. സൌജന്യ ഡയാലിസിസ് പദ്ധതിയിലും പങ്കാളിയാണ്. പാവപ്പെട്ടവർക്ക് എറണാകുളത്തും ആലപ്പുഴയിലുമായി 2  വീടുകൾ നിർമിച്ചു നൽകി.

വർഗീസും ഭാര്യ ജാനെറ്റും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വർഗീസും ഭാര്യ ജാനെറ്റും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്ഥിരമായി നൽകിവരുന്നു. ഔദ്യോഗിക ആവശ്യത്തിനും വിനോദത്തിനുമായി വിദേശ യാത്ര പതിവായതോടെ നാട്ടിലെയും ഗൾഫിലെയും ബിസിനസ് ഉത്തരവാദിത്തങ്ങൾ മക്കളായ വിജിയെയും വിജീഷിനെയും ഏൽപിച്ചു. ലോകത്ത് എവിടെയാണെങ്കിലും ദൈനംദിന കാര്യങ്ങളിൽ ഉപദേശനിർദേശങ്ങളുമായി വർഗീസും ജാനെറ്റും ഒപ്പമുണ്ട്. ജീവിക്കുന്ന കാലത്തോളം സജ്ജീവമായി ഇരിക്കാനിഷ്ടപ്പെടുന്ന ഇരുവരും വിദേശത്താണെങ്കിലും വിഡിയോ കോൾ വഴി ബിസിനസ് കാര്യങ്ങൾ ആരായുന്ന പതിവ് മുടക്കാറില്ല.

മകൾ ഡോ. ജീന സിനോജ് എറാണകുളം ഫാർമെക്സ് ഡയഗ്നോസ്റ്റിക് സെന്റർ നടത്തിവരുന്നു. ഇവരുടെ ഭർത്താവ് സിനോജ് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയറാണ്. മരുമക്കൾ ഡോ. നിഷ വിജി (അൽഐൻ തവാം ആശുപത്രിയിൽ പീഡിയാട്രിക് കൺസൾട്ടന്റ്), ആൻ മരിയ വിജീഷ് (ഫാഷൻ ഡിസൈനർ).

English Summary:

UAE National Day: Lifestory of Ernakulam Native Businessman Varghese Panakkal who Witnessed Birth and Developments of UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com