സൗദിയിൽ ചൈനീസ് ഭാഷ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നു
Mail This Article
റിയാദ്∙ അടുത്ത വർഷം അവസാനത്തോടെ 1 ലക്ഷത്തിലധികം വരുന്ന സൗദി വിദ്യാർഥികൾ ചൈനീസ് ഭാഷ പഠിക്കുമെന്ന് റിപ്പോർട്ട്. ചൈനീസ് ഭാഷ മന്ദാരിൻ പഠിപ്പിക്കുന്നതിനായി നിലവിൽ 175 ചൈനീസ് ഭാഷാ അധ്യാപകരാണ് സൗദിയിലെമ്പാടും വിവിധ സ്കൂളുകളിൽ സേവനം ചെയ്യുന്നത്.
ഇരു രാജ്യങ്ങളുടേയും സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ വർധിപ്പിക്കാനുള്ള സൗദി താൽപര്യമാണ് വിദ്യാഭ്യാസ രംഗത്തെ ഭാഷാ വിപുലീകരണം പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി പ്രാദേശിക വാർത്താ ഏജൻസി സബ്ക് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ സഹകരണം വർധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ചൈനയും സൗദിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം 175 ചൈനീസ് ഭാഷാ അധ്യാപകരുടെ ആദ്യ സംഘം ഇപ്പോൾ തന്നെ സൗദി സ്കൂളുകളിൽ ജോലി ചെയ്യുന്നുണ്ട്.
ഈ വർഷത്തിന്‍റെ തുടക്കത്തിൽ, സൗദി വിദ്യാഭ്യാസ മന്ത്രാലയം, അനുബന്ധ പരിപാടിയുടെ ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുത്ത പ്രവിശ്യകളിലെ മിഡിൽ സ്കൂളുകളിൽ ചൈനീസ് ഭാഷ പഠനം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2023-ലെ സർക്കാർ തീരുമാനപ്രകാരം റിയാദ്, യാമ്പു, കിഴക്കൻ പ്രവിശ്യ, ജിദ്ദ, ജസാൻ, തബൂക്ക് എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് മന്ദാരിൻ ഭാഷ പഠിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
സൗദി വിദ്യാഭ്യാസ മന്ത്രാലയവും ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഭാഷാ വിദ്യാഭ്യാസ സഹകരണ കേന്ദ്രവും ടിയാൻജിൻ നോർമൽ സർവകലാശാലയുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. ആ വർഷമാദ്യം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചൈന സന്ദർശിച്ചിരുന്നു, അവിടെ സ്‌കൂളുകളിലും സർവകലാശാലകളിലും ചൈനീസ് ഭാഷയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ സമ്മതിച്ചു.
2022 അവസാനത്തോടെ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങിന്‍റെ ഔദ്യോഗിക സന്ദർശനത്തെ തുടർന്ന് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെയും കിരീടാവകാശി മുഹമ്മദിനെയും കണ്ടപ്പോൾ ചൈനീസ് ഭാഷാ വിദ്യാഭ്യാസം വിപുലീകരിക്കാനുള്ള പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചു. ഗൾഫ് രാജ്യങ്ങളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ ആയിരക്കണക്കിന് അവസരങ്ങൾ ചൈന നൽകുമെന്ന് ഷി റിയാദിൽ പറഞ്ഞിരുന്നു.