ADVERTISEMENT

ദോഹ ∙ പതിവു തെറ്റാതെ ഇക്കുറിയും ഖത്തറിന്റെ മണ്ണിൽ ശൈത്യകാല കൃഷിത്തിരക്കിലാണ് മലപ്പുറത്തുകാരായ പ്രവാസി സഹോദരങ്ങൾ. തിരുനാവായ പട്ടർനടക്കാവ് കായൽമടത്തിൽ കുടുംബത്തിലെ സഹോദരങ്ങളായ അലിയും സെയ്താലിക്കുട്ടിയും യൂസഫും ചേർന്ന് സ്പോൺസറുടെ അൽ വുഖൈറിലെ താമസ സ്ഥലത്തെ വിശാലമായ ഭൂമിയിലാണ് നൂറുമേനി വിളയിക്കുന്നത്.

ഇത്തവണ പച്ചക്കറികളിൽ വെണ്ട, പയർ, കാബേജ്, ബീറ്റ്റൂട്ട്, കാരറ്റ്, ചീര, ചുരക്ക, കുമ്പളം, കുക്കുംബർ, പച്ചമുളക്, പാവൽ, ഇലവർഗങ്ങളിൽ മല്ലിയില, പാഴ്സലി, ലെറ്റൂസ്, ജർജീർ, പഴവർഗങ്ങളിൽ തണ്ണിമത്തൻ, ഷമാം, പപ്പായ തുടങ്ങി വ്യത്യസ്ത ഇനങ്ങളാണ് ശീതകാല കൃഷിയിലുള്ളത്. കൃഷിയോടുള്ള താൽപര്യവും കൃത്യമായ ജലസേചനവും യഥാസമയമുള്ള പരിപാലനവുമാണ് പ്രവാസ ഭൂമിയിലും കാർഷിക സമൃദ്ധി ഉറപ്പാക്കാൻ ഈ സഹോദരങ്ങൾക്ക് സഹായകമാവുന്നത്.

പച്ചക്കറി കൃഷി വിളവെടുപ്പിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
പച്ചക്കറി കൃഷി വിളവെടുപ്പിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കൃഷിയുടെ കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയില്ല. സ്വന്തമായി തയാറാക്കുന്ന ജൈവ വളവും കീടനാശിനികളും തന്നെ കൃഷിയിൽ ഉപയോഗിക്കുന്നതിനാൽ ഉയർന്ന ഗുണമേന്മയിൽ നല്ല ഒന്നാംതരം പച്ചക്കറികളും പഴങ്ങളുമാണ് വിളവെടുക്കുന്നത്. ചാണക പൊടി, ആട്ടിൻ കാഷ്ഠം തുടങ്ങിയ ജൈവ വളങ്ങൾ മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. നാട്ടിൽ നിന്നുള്ള നല്ല ഇനം വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. 

ബന്ധുക്കളായ നൗഫൽ കുറ്റൂരും നാസറും അബ്ദുല്ലക്കുട്ടിയുമാണ് കൃഷിയിലെ സഹായികൾ. അമ്മാവന്മാരും മരുമക്കളും ചേർന്നാണ് പ്രവാസത്തിൽ കൃഷിയൊരുക്കുന്നത്. മലപ്പുറം സഹോദരങ്ങളുടെ കൃഷി സ്നേഹം ഖത്തറിലെ ഒട്ടനവധി സംഘടനകളുടെ ആദരങ്ങളും പുരസ്കാരങ്ങളും നേടികൊടുത്തിട്ടുണ്ട്.

പച്ചക്കറി കൃഷി വിളവെടുപ്പിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
പച്ചക്കറി കൃഷി വിളവെടുപ്പിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ വർഷത്തിലുടനീളം കൃഷി
കഴിഞ്ഞ നാൽപതു വർഷത്തിലധികമായി ഒരേ സ്പോൺസറുടെ കീഴിലാണ് അലിയും സഹോദരങ്ങളും. അതുകൊണ്ടു തന്നെ ഇടവേളകളില്ലാതെ കൃഷിക്കാഴ്ചകളാൽ ഹരിതാഭമാണ് ഇവിടം. കാലാവസ്ഥക്ക് അനുയോജ്യമായ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത് എന്നതിനാൽ വർഷത്തിലുടനീളം ഇവിടെ വിളവെടുപ്പും സജീവം. കൃഷിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിനോടാണ് ഇവർക്ക് കൂടുതൽ താൽപര്യം.

ഒരിക്കൽ ആടുകൾക്ക് തീറ്റയായി ഇട്ടുകൊടുത്ത തവിടിലെ ഗോതമ്പ് നന്നായി വളരുന്നതു കണ്ടാണ് ഗോതമ്പ് കൃഷി പരീക്ഷിച്ചത്. കൃഷി നൂറു ശതമാനം വിജയമായി. ഇവരുടെ കൃഷി സ്നേഹത്തിന് സ്പോൺസറുടെ കനത്ത പിന്തുണയുമുണ്ട്. ഗോതമ്പ്, സവാള, ഈന്തപ്പഴം ഉൾപ്പെടെ ഈ കൃഷിയിടത്തിൽ ഉണ്ടാകാത്ത കാർഷിക വിളകളില്ലെന്നു വേണം പറയാൻ.

English Summary:

Malayali brothers who farmed at their residence in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com