'വീ നോ സബ് മെറേനിയൻ'; സംഭവ ബഹുലം അമേരിക്കൻ അനൗൺസ്മെന്റ്
Mail This Article
യാത്രകൾ നൽകുന്ന അനുഭവങ്ങൾ അതു ചെറുതായാലും വലുതായാലും ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ പാകത്തിലുള്ളവ തന്നെയായിരിക്കും. സങ്കടകരമായ സന്ദർഭങ്ങൾ മാത്രമല്ല ജീവിതത്തിന്റെ ഓർമ്മത്താളുകളിൽ സൂക്ഷിക്കാൻ പറ്റുന്ന നല്ല അനുഭവങ്ങളും യാത്രകൾ നൽകാറുണ്ട്. പരിസരം മറന്ന് പൊട്ടിച്ചിരിച്ചു പോയ നിമിഷങ്ങളും ഏറെയുണ്ടാകും. അത്തരത്തിൽ വിമാനത്താവളത്തിൽ ഉണ്ടായ രസകരമായ അനുഭവം മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുകയാണ് പത്തനംതിട്ടക്കാരനും ഖത്തർ പ്രവാസിയുമായ പ്രശാന്ത് മാത്യു.
'വീ നോ സബ് മെറേനിയൻ' റിപ്പോർട്ട് ടു...
2007 ൽ ചെന്നൈയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഔദ്യോഗിക ആവശ്യത്തിനായി ന്യൂയോർക്കിലേയ്ക്ക് പോകേണ്ടി വന്നത്. ഒപ്പം സഹപ്രവർത്തകനായ വിനോദ് സുബ്രഹ്മണ്യനും ഉണ്ടായിരുന്നു. ന്യൂയോർക്കിൽ നിന്ന് തിരികെ ചെന്നൈയിലേക്ക് വന്നത് ജോൺ ഓഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നായിരുന്നു. വലിയ എയർപോർട്ട്. സദാ തിരക്ക്. ഒരു വെള്ളിയാഴ്ച വൈകിട്ടായിരുന്നു ഞങ്ങളുടെ വിമാനം. ജോലി തിരക്കു കൊണ്ട് ഓഫിസിൽ നിന്ന് നേരെ വിമാനത്താവളത്തിലേക്കാണ് ഞങ്ങൾ എത്തിയത്. വെളളിയാഴ്ച ആയതുകൊണ്ട് റോഡിൽ നല്ല ട്രാഫിക്കും. എങ്ങിനെയൊക്കെയോ വിമാനത്താവളത്തിൽ ഓടിപിടഞ്ഞെത്തിയെന്ന് വേണം പറയാൻ.
നിശ്ചിത സമയത്തേക്കാൾ ഒരുപാട് വൈകിയാണ് ചെക്ക് ഇൻ ചെയ്തത്. ഗേറ്റ് അടയ്ക്കാറായിരുന്നു. ചെക്ക് ഇൻ ചെയ്ത് വേഗത്തിൽ ഗേറ്റിലേക്ക് നടക്കുമ്പോൾ മൈക്കിലൂടെ അനൗൺസ്മെന്റ് കേൾക്കാം. വീ നോ സബ് മെറേനിയൻ റിപ്പോർട്ട് ടു ഗേറ്റ് നമ്പർ... സംഭവം എന്താണെന്ന് ആദ്യം പിടികിട്ടിയില്ല. തൊട്ടുപിന്നാലെ പ്രശാന്ത് മാത്യു എന്നു കൂടി കേട്ടപ്പോഴാണ് ഞങ്ങളെയാണെന്ന് മനസിലായത്. കൂടെയുള്ള വിനോദിനെയാണ് വീ നോ സബ് മെറേനിയൻ എന്നു വിളിക്കുന്നതെന്ന് തിരിച്ചറിയാൻ ഇത്തിരി സമയമെടുത്തപ്പോഴേക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.
ഗേറ്റ് അടയ്ക്കാൻ കുറച്ചു സമയം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു. ഞങ്ങൾ വേഗം ഗേറ്റിൽ എത്താനുള്ള അനൗൺസ്മെന്റ് ആയിരുന്നു അമേരിക്കൻ ചേച്ചി സംഭവ ബഹുലമാക്കി മാറ്റിയത്. ഔദ്യോഗിക ട്രിപ്പിന്റെ ക്ഷീണവും അലച്ചിലുമെല്ലാം മാറാൻ അനൗൺസ്മെന്റ് മാത്രം മതിയായിരുന്നു. ഇന്ത്യൻ പേരുകൾ അമേരിക്കക്കാർ ഉച്ചാരണം ചെയ്യുമ്പോഴുണ്ടാകുന്ന ഇത്തരം തമാശകൾ കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് അനുഭവത്തിൽ വന്നത് അന്നായിരുന്നു.
വിമാനയാത്രകളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് ഏറെക്കാലം ചിരിപ്പിച്ച വീ നോ സബ് മെറേനിയൻ ആണ്. ഞങ്ങളായിട്ട് ഇനി പേരു മാറ്റേണ്ടല്ലോ എന്നോർത്ത് വിനോദിന്റെ വിളിപ്പേര് പിന്നീട് വീ നോ സബ് മെറേനിയൻ എന്നാക്കുകയും ചെയ്തു.
(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രയിലെ ഇത്തരം അനുഭവങ്ങൾ. വിമാനയാത്രാ അനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവെയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ–മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ.).