40 വര്‍ഷം ഒമാനി വീട്ടിലെ ജോലിക്കാരി; അവസാന നിമിഷങ്ങളിലും ഹനീഫ ബീവിക്ക് കൂട്ടായി സ്വദേശി കുടുംബം
Mail This Article
മസ്‌കത്ത് ∙ നാല്പത് വര്‍ഷത്തോളം മസ്‌കത്ത്, ഹെയ്‌ലില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുവഴി പവര്‍ഹൗസ് ശാന്തി ആശ്രമത്തില്‍ പരേതനായ സുബൈറിന്റെ ഭാര്യ പൂക്കുട്ടി എന്ന് വിളിക്കുന്ന ഹനീഫ ബീവി (75) നാട്ടില്‍ അന്തരിച്ചു.
നാല്പത് വര്‍ഷത്തോളം ഹെയ്‌ലില്‍ ഒരേ വീട്ടില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. ആ വീട്ടിലെ കുടുംബാംഗത്തെ പോലെയായിരുന്നു.
മൂന്ന് മാസം മുൻപാണ് നാട്ടിലേക്ക് പോയത്. അവിടെവച്ച് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും, അസുഖം കൂടിയപ്പോള്‍ ഒമാനി കുടുംബത്തെ അറിയിക്കുകയും തുടര്‍ന്ന് ഒമാനി കുടുംബം നാട്ടില്‍ പോയി, അവര്‍ തന്നെയാണ് ഹനീഫ ബീവിയെ പരിചരിച്ചിരുന്നത്.
മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുവാനായി ഒമാനിലുണ്ടായിരുന്ന മകന്‍ അജീബ് സുബൈറിന്റെ കൂടെ ഒമാനി കുടുംബാംഗങ്ങളും നാട്ടിലേക്ക് പോയിരുന്നു. മക്കള്‍: സുനില്‍ സുബൈര്‍, നജീബ് സുബൈര്‍, അജീബ് സുബൈര്‍, ബിജിമോന്‍ സുബൈര്‍. ഖബറടക്കം പടിഞ്ഞാറേ ശാഫീ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.