ഡ്രൈവിങ് ലൈസന്‍സ് പ്രായപരിധിയിൽ മാറ്റം, സ്വദേശിവല്‍ക്കരണം കർശനമാക്കും, സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കും; 2025ൽ യുഎഇ മാറുകയാണ്
Mail This Article
ദുബായ് ∙ 2025 ലേക്ക് കടക്കാനൊരുങ്ങുകയാണ് ലോകം. യുഎഇയില്‍ അടുത്തവർഷം പ്രാബല്യത്തിലാകുന്ന 5 നിയമ ഭേദഗതികള്‍ ഇവയാണ്.
∙ ഫെഡറല്‍ ഗതാഗത നിയമം
യുഎഇയില്‍ 2025 മാർച്ചില്‍ ഗതാഗത രംഗത്ത് പ്രധാനമാറ്റം വരുന്നത് ലൈസന്‍സ് എടുക്കാനുളള പ്രായത്തിലാണ്. ലൈസന്‍സ് എടുക്കാനുളള കുറഞ്ഞ പ്രായപരിധി 17 വയസ്സിലേക്ക് മാറുകയാണ്. നിലവില്‍ ഇത് 18 വയസ്സാണ്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളോടിക്കുന്നത് നിയമവിരുദ്ധമാകും. അനാവശ്യമായി കാർ ഹോണുകള്‍ മുഴക്കുന്നതും നിയന്ത്രിക്കണം. മണിക്കൂറില്‍ 80 കിലോമീറ്റർ വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലൂടെ സീബ്രാ ക്രോസിങ്ങിലൂടെ അല്ലെങ്കില്‍ നിശ്ചിത സ്ഥലത്തുകൂടെയല്ലാതെ റോഡ് മുറിച്ചുകടന്നാല്‍ 10,000 ദിർഹം വരെ പിഴ കിട്ടും. അപകടമുണ്ടായാല്‍ ജയില്‍ ശിക്ഷയും പിഴയുമാണ് ശിക്ഷ. മാത്രമല്ല, മദ്യപിച്ച് വാഹനമോടിച്ചാലും, അപകടമുണ്ടായി നിർത്താതെ കടന്നുപോയാലുമെല്ലാം പിഴയുള്‍പ്പടെയുളള കാര്യങ്ങളില്‍ മാറ്റം വരികയാണ്. 1,00,000 ദിർഹം വരെ പിഴയും രണ്ട് വർഷം വരെ ജയില്‍ ശിക്ഷയുമാണ് ഇത്തരം തെറ്റുകള്‍ക്കുളള പരമാവധി ശിക്ഷ.
∙ ആഹാരത്തിന് ഗ്രേഡിങ്
ആഹാരത്തിലെ പോഷകമൂല്യമനുസരിച്ച് ഗ്രേഡിങ് സംവിധാനം അബുദാബിയില്‍ നിലവില്‍ വരും. ന്യൂട്രി മാർക്കില്ലാതെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാനായി പ്രദർശിപ്പിച്ചാല്‍ പിഴ കിട്ടും. ആദ്യഘട്ടത്തില്‍ ബേക്ക് ചെയ്ത സാധനങ്ങൾ, എണ്ണകൾ, പാലുൽപ്പന്നങ്ങൾ, കുട്ടികൾക്കുള്ള ഭക്ഷണം, പാനീയങ്ങൾ എന്നിവയ്ക്കാണ് ഗ്രേഡിങ് നല്‍കേണ്ടത്. പോഷകമൂല്യമനുസരിച്ച് എ മുതല്‍ ഇ വരെയുളള ഗ്രേഡിങാണ് നല്‍കേണ്ടത്.
∙ സ്ത്രീ പ്രാതിനിധ്യം
സ്വകാര്യ ജോയിന്‍റ് -സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമുണ്ടാകണം. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റേതാണ് തീരുമാനം. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിന് ശേഷം വനിതകൾക്ക് ഒരു സീറ്റെങ്കിലും നല്‍കണം. സ്വകാര്യ ജോയിൻറ്-സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ സ്ത്രീകളുടെ സാന്നിധ്യവും പ്രാതിനിധ്യവും വിപുലീകരിക്കാനാണ് തീരുമാനം.
∙ നിർബന്ധിത ജനിതക പരിശോധന
വിവാഹത്തിനു മുമ്പുള്ള നിർബന്ധിത ജനിതക പരിശോധന 2025 ജനുവരി 1 മുതല്‍ നടപ്പിലാകും. വിവാഹിതരാകുന്ന സ്വദേശി പൗരന്മാർക്ക് വിവാഹത്തിന് മുന്‍പുളള സ്ക്രീനിങ്ങുകളിൽ ജനിതക പരിശോധന നിർബന്ധമായിരിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കും വിവാഹത്തിനു മുന്‍പുളള മെഡിക്കൽ പരിശോധന നിർബന്ധമായിരുന്നെങ്കിലും ജനിതക പരിശോധന ആവശ്യമെങ്കില്‍ ചെയ്യാമെന്ന രീതിയിലായിരുന്നു.
∙ സ്വദേശിവല്‍ക്കരണ നിയമം
2025 ല്‍ 20 മുതല്‍ 49 വരെ തൊഴിലാളികളുളള സ്ഥാപനങ്ങളില്‍ 2 സ്വദേശി പൗരന്മാരെ നിയമിക്കണം. ഇതുവരെ 50 ലധികം തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമായിരുന്നത്. സ്വദേശിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 96,000 ദിർഹമാണ് പിഴ. ഇത് ജനുവരി മുതല്‍ ഈടാക്കിത്തുടങ്ങും. 2025 ലെ സ്വദേശിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 2026 ല്‍ 108,000 ദിർഹമായിരിക്കും പിഴ ഈടാക്കുക.