ദേശീയ കായിക ദിനം; ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി
Mail This Article
ദോഹ ∙ 2025ലെ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തർ ഒളിംപിക് കമ്മിറ്റി ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2025ലെ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ് ഒന്നാമത് ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഫിഫ ലോകകപ്പ് ഖത്തർ 2022, എഎഫ്‌സി ഏഷ്യൻ കപ്പ് 2024 എന്നിവയ്ക്കിടെ വിവിധ പരിപാടികളും ഷോകളും നടന്ന ലുസൈൽ ബൊളിവാർഡിലാണ് 2025 ലെ ഒന്നാം ക്യുഒസി ഹാഫ് മാരത്തൺ നടക്കുക. ആറ് വയസ്സും അതിനുമുകളിലും പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും മരത്തോണിൽ പങ്കെടുക്കാം.
സ്‌പോർട്‌സിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യമുള്ള ജീവിതത്തെ കുറിച്ചുമുള്ള ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ക്യുഒസി ഹാഫ് മാരത്തൺ 2025 സംഘാടക സമിതി പ്രസിഡന്റ് ഷെയ്ഖ് സുഹൈം ബിൻ മുഹമ്മദ് അൽതാനി പറഞ്ഞു. ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നത് ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൽ സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കുന്നതിനായുള്ള ഈ പരിപാടിയിൽ കായികതാരങ്ങളും അമച്വർമാരും കുടുംബങ്ങളും ഉൾപ്പെടെ എല്ലാവരേയും പങ്കെടുക്കണമെന്ന് ഷെയ്ഖ് സുഹൈം ബിൻ മുഹമ്മദ് അൽതാനി ആവശ്യപ്പെട്ടു.
വിവിധ മേഖലകളിൽ നിന്നുള്ള 8,000 പേരുടെ പങ്കാളിത്തത്തിന് ഹാഫ് മാരത്തൺ സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ അത്‌ലറ്റിക് ഫെഡറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് റാഷിദ് അൽ മർറി പറഞ്ഞു. വിവിധ വിഭാഗങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടയുള്ള സമ്മാനങ്ങളും ഉണ്ടായിരിക്കും. ഖത്തറിൽ എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചെവ്വാഴ്ച ദേശിയ കായിക ദിനമായി ആഘോഷിക്കാറുണ്ട്. അന്ന് രാജ്യത്ത് ദേശീയ അവധിയും ആയിരിക്കും.