യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടി സൗദിയിലെ 'സിംസിമിയ'
Mail This Article
റിയാദ് ∙ സൗദിയിലെ കിന്നരം പോലുള്ള അറബ് സംഗീത തന്ത്രി വാദ്യോപകരണം സിംസിമിയ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചു. സൗദി സാംസ്കാരിക മന്ത്രിയും ഹെറിറ്റേജ് കമ്മിഷൻ ഡയറക്ടർ ബോർഡ് ചെയർമാനും സൗദി നാഷനൽ കമ്മിഷൻ ഫോർ എജ്യുക്കേഷൻ, കൾചർ ആൻഡ് സയൻസ് ചെയർമാനുമായ ബദർ ബിൻ ഫർഹാൻ രാജകുമാരൻ സൗദിയിൽ സംഗീത ഉപകരണത്തിന്റെ നിർമാണവും വാദനപാരമ്പര്യവും പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ വിജയം സ്ഥിരീകരിച്ചു.
തീരദേശ പട്ടണങ്ങളിലെ സമൂഹങ്ങളുടെ കലാപരമായ സൗദി സംസ്‌കാരത്തിന്റെ ഭാഗമാണ് സിംസിമിയ, വിവാഹങ്ങളിലും, പ്രാദേശിക ഉത്സവങ്ങളിലും പരമ്പരാഗത സംഗീതം ആലപിക്കുന്നതിനും കടലിന് സമീപമുള്ള നാവികരുടെയും, മത്സ്യതൊഴിലാളികളുടേുയം സാമൂഹിക ജീവിതത്തിന്റെയും കഥകൾ വിവരിക്കുന്ന പാട്ടുകൾക്കൊപ്പം മീട്ടുന്നതിന് ഇത് ഉപയോഗിക്കാറുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
യുനെസ്‌കോയുടെ പട്ടികയിൽ സിംസിമിയയെ ഉൾപ്പെടുത്തണമെന്ന ഈജിപ്ഷ്യൻ അഭ്യർഥനയെ സൗദി അറേബ്യ പിന്തുണച്ചിരുന്നു. ഈജിപ്തിലും കപ്പൽ വ്യാപാരികൾക്കിടയിൽ ഈ സംഗീത ഉപകരണം പൗരാണിക കാലം മുതൽക്കേ പ്രസിദ്ധമാണ്.
യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയിൽ ചേർത്ത ഏറ്റവും പുതിയ സൗദി സാംസ്കാരിക ഘടകമാണിത്.
സൗദി അർദ നൃത്തം, മജ്ലിസ്, പരുന്ത് വളർത്തൽ, അസിരിപൂച്ചകൾ, സദു നെയ്ത്ത്, സൗദി ഖൗലാനി കാപ്പി, ലോഹങ്ങളിൽ കൊത്തുപണി ചെയ്യുന്ന കല, ഹാരീസ് വിഭവം, അറബി കാലിഗ്രാഫി, ഈന്തപ്പന എന്നിവയായിരുന്നു നേരത്തെ തന്നെ ഈ വിഭാഗത്തിൽ സൗദിയിൽ നിന്നും യുനെസ്കോ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.
സിംസിമിയ തന്ത്രി വാദ്യം സൗദി അറേബ്യയിലെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടെയിരിക്കുന്നു. രാജ്യത്തിന്റെ കലാപരമായ സ്വത്വത്തിന്റെയും ഒത്തു ചേരുന്ന കൂട്ടായ്മകളുടെ ഓർമ്മപ്പെടുത്തലുകളുടെ ഭാഗമായി തുടരുന്നു.
സാംസ്കാരികവും സാമൂഹികവുമായ പരിപാടികളിൽ ഇപ്പോഴും സിംസിമയയുടെ തന്ത്രികൾ മീട്ടുന്നു. വിശേഷ ഒത്തുചേരലുകളുടെ അവസരങ്ങളിൽ സിംസിമിയ വായിക്കുന്നത് സാധാരണമാണ്. അവിടെ ആളുകൾ സിസിമിയയുടെ രാഗങ്ങളിൽ തന്ത്രിനാദത്തിനൊപ്പം പരമ്പരാഗത ഈണത്തിൽ ആലപിക്കുന്നു. ആ പ്രദേശങ്ങളുടെ സമുദ്ര പാരമ്പര്യത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നുമുള്ള കഥാംശങ്ങളാണ് ഉള്ളടക്കം. ഈ സംഗീത പ്രകടനങ്ങൾ അവിടെയുള്ളവർ തമ്മിലുള്ള സാമൂഹിക ആശയവിനിമയത്തിനുള്ള അവസരമായും മാറുന്നു.
അതേസമയം തലമുറകൾ തമ്മിലുള്ള സാംസ്കാരിക ബന്ധം സംരക്ഷിക്കുന്നു.
ഈ രംഗത്തെ കലാകാരന്മാർക്ക് ഇത് വായിക്കാനുള്ള കഴിവ് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ് പതിവ്. അങ്ങനെനെ സൗദി കലയിലെ പൈതൃകവും പുതുമയും സമന്വയിപ്പിക്കുന്ന ഒരു ഉപകരണമാക്കി മാറ്റുന്നു. സംഗീത പൈതൃകവും ദൈനംദിന ജീവിതവും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടുന്ന പരമ്പരാഗത കഥകളും ചരിത്ര കഥകളും പറയാനാണ് സിംസിമിയ സംഗീതം പശ്ചാത്തലമാകുന്നത്.