ബ്രേവ് എംഎംഎ ചാംപ്യൻഷിപ്പ് ഡിസംബർ 15ന് ബഹ്‌റൈനിൽ
Mail This Article
മനാമ ∙ ലോക ബ്രേവ് എംഎംഎ ചാംപ്യൻഷിപ്പ് (സംയുക്ത ആയോധന കല) ഡിസംബർ 15ന് ബഹ്‌റൈനിൽ വച്ച് നടക്കും. ഇന്ത്യൻ എംഎംഎ താരം എഹ്തേഷാം അൻസാരി ബ്രേവ് സിഎഫിന്റെ ഫ്ലൈവെയ്റ്റ് ഡിവിഷനിൽ അരങ്ങേറ്റം കുറിക്കും. പാകിസ്ഥാന്റെ അക്വിബ് അവാനുമായിട്ടായിരിക്കും ഏറ്റുമുട്ടുക.
ഒരു പ്രഫഷനൽ എംഎംഎ റെക്കോർഡുൾപ്പെടെ, ആറ് വിജയങ്ങളുടെ ശ്രദ്ധേയമായ മുന്നേറ്റത്തിലാണ് എഹ്തേഷാം. കഴിഞ്ഞ അഞ്ച് വർഷമായി എഹ്തേഷാം ഈ മേഖലയിൽ മുന്നേറുന്നത്. ഒരു രാജ്യാന്തര മത്സരത്തിൽ തന്റെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്‌ഥാനുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഒരു മത്സരമായത് കൊണ്ട് തന്നെ ഈ മത്സരം ഏറെ ശ്രദ്ധേയമായിരിക്കും.
എട്ടു വർഷം മുൻപാണ് ബ്രേവ് ചാംപ്യൻഷിപ്പ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംയുക്ത ആയോധന കലയായ എംഎംഎ പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോൾ 90 ഇവന്റുകളിലായി 35 രാജ്യങ്ങളിൽ റെക്കോർഡ് ബ്രേക്കിങ് ഇവന്റുകൾ സംഘടിപ്പിച്ചു. ഭാവിയിൽ ഒളിംപിക് അംഗീകാരം കൂടി നേടിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് ബ്രേവ് ചാംപ്യൻഷിപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നത്.