വൈദ്യുതിയും വെള്ളവുമില്ലാത്ത വീട്ടിൽ ജനനം; ഷെയ്ഖ് മുഹമ്മദിന്റെ ജീവിതം പറഞ്ഞ് 'ടു ബി ദ് ഫസ്റ്റ്'
Mail This Article
ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകൃത ജീവചരിത്രം പുറത്തിറങ്ങി. അദ്ദേഹത്തിന്റെ ജീവിതത്തെയും പാരമ്പര്യത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്ന പുസ്തകത്തിന് 'ടു ബി ദ് ഫസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്.
ബ്രിട്ടിഷ് ചരിത്രകാരനായ ഗ്രെയിം വിൽസൺ രചിച്ച ഈ പുസ്തകം ദുബായിയെ മാത്രമല്ല, യുഎഇയെ മുഴുവൻ രൂപപ്പെടുത്തുന്നതിൽ ഷെയ്ഖ് മുഹമ്മദിന്റെ പങ്കിന്റെ സമഗ്രമായ ചിത്രം നൽകുന്നുവെന്ന് പ്രസാധകരായ മോട്ടിവേറ്റ് മീഡിയ ഗ്രൂപ്പിന്റെ മാനേജിങ് പാർട്ണറും ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫുമായ ഇയാൻ ഫെയർസർവീസ് പറഞ്ഞു. ഷെയ്ഖ് മുഹമ്മദിന്റെ ഈ അംഗീകൃത ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതിൽ അഭിമാനമുണ്ട്. ഒന്നാമനാകുക എന്നത് അസാധാരണനായ ഒരു നേതാവിനെ സൃഷ്ടിക്കുന്നതിലും ശ്രദ്ധേയമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും പ്രധാനപങ്കുവഹിക്കുന്നു.
എളിയ തുടക്കത്തിൽ നിന്ന് ആഗോള നേതൃത്വത്തിലേക്കുള്ള ഷെയ്ഖ് മുഹമ്മദിന്റെ ശ്രദ്ധേയമായ യാത്രയെ പുസ്തകം അടയാളപ്പെടുത്തുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ കഥകളിലൂടെയും ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ നേതൃത്വം ഈ പ്രദേശത്തെ എങ്ങനെ പുനർരൂപകൽപന ചെയ്തുവെന്നും ദുബായിയെ അതിന്റെ ആധുനികതയും സാമ്പത്തിക ഉന്നമനവും ഒന്നിലേറെ സാംസ്കാരിക ഐക്യവും കൊണ്ട് ഒരു ആഗോള നഗരമാക്കി മാറ്റിയതിന്റെ സവിശേഷമായ കാഴ്ചപ്പാടും പുസ്തകം നൽകുന്നു.
∙ ഷെയ്ഖ് മുഹമ്മദ് പിറന്നത് വൈദ്യുതിയില്ലാത്ത വീട്ടിൽ
ഷെയ്ഖ് മുഹമ്മദിന്റെ ആദ്യകാല ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്ന ഒട്ടേറെ കാര്യങ്ങൾ ടു ബി ദ് ഫസ്റ്റ് എന്ന പുസ്തകത്തിൽ പറയുന്നു. വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത ലളിതമായ ഒരു വീട്ടിൽ ജനിച്ച ഷെയ്ഖ് മുഹമ്മദിന്റെ ആദ്യകാലം യുഎഇ ചരിത്രത്തിന്റെ തുടക്കത്തിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം, യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്നിവരെപ്പോലുള്ള പ്രധാന നേതാക്കളെ സാക്ഷിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ വളർച്ച.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രി എന്ന പദവിയിൽ നിന്ന് ദുബായ് കിരീടാവകാശിയും തുടർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദിന്റെ ഉയർച്ച ശ്രദ്ധേയമാണ്. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഒരു ചെറിയ വ്യാപാര കേന്ദ്രത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും ചലനാത്മകവും പുരോഗമനപരമായി ചിന്തിക്കുന്നതുമായ നഗരങ്ങളിലൊന്നായി മാറാൻ അദ്ദേഹത്തിന്റെ ദർശനപരമായ നേതൃത്വം ദുബായിയെ സഹായിച്ചു.
സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഷെയ്ഖ് മുഹമ്മദിന്റെ പ്രതിബദ്ധതയുടെ സാരാംശം ജീവചരിത്രം ഉൾക്കൊള്ളുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ദുബായ് അഭിവൃദ്ധി പ്രാപിച്ചു. 195ലേറെ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്ന ഒരു ആഗോള നഗരമായി മാറ്റി. സഹിഷ്ണുതയുടെയും അവസരത്തിന്റെയും മനോഭാവം ദുബായ് പ്രോത്സാഹിപ്പിക്കുന്നു.
∙ ഷെയ്ഖ് റാഷിദ്, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, ഇപ്പോൾ ഷെയ്ഖ് മുഹമ്മദ്
പുസ്തകത്തിന്റെ രചയിതാവ് ഗ്രെയിം വിൽസൺ 34 വർഷമായി യുഎഇയിൽ താമസിക്കുന്നു. റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയിലെ അംഗമായ അദ്ദേഹം മധ്യപൂർവദേശത്തെക്കുറിച്ചുള്ള ജ്ഞാനത്തിലും യുഎഇ നേതാക്കളുടെ ജീവചരിത്രം പറയുന്നതിലും പ്രശസ്തനാണ്.
ദുബായിയുടെ പിതാവായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റേതായിരുന്നു അദ്ദേഹത്തിന്റെ ആദ്യം രചിച്ച ജീവചരിത്രം. സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെയും അംഗീകൃത ജീവചരിത്രങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഒരു ഡോക്യുമെന്ററി നിർമാതാവ് എന്ന നിലയിൽ ഓസ്കാർ ജേതാവായ നടൻ മോർഗൻ ഫ്രീമാൻ, സർ പാട്രിക് സ്റ്റുവർട്ട് എന്നിവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. അതേസമയം ഒരു പ്രസംഗ എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ കൃതികൾ യുഎൻ ജനറൽ അസംബ്ലിയിലും യുഎസ് സെനറ്റിലും ബ്രിട്ടന്റെ ഹൗസ് ഓഫ് കോമൺസിലും അവതരിപ്പിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രസംഗ രചനാ വൈദഗ്ധ്യം ഐക്യരാഷ്ട്രസഭ, യുഎസ് സെനറ്റ്, യുകെ ഹൗസ് ഓഫ് കോമൺസ് തുടങ്ങിയ അഭിമാനകരമായ വേദികളിലെത്തിച്ചു. മോട്ടിവേറ്റ് മീഡിയ ഗ്രൂപ്പിന്റെ സുപ്രധാന നേട്ടമാണ് 'ടു ബി ദ് ഫസ്റ്റ്'. 1979ൽ സ്ഥാപിതമായി ഇപ്പോൾ അതിന്റെ 45-ാം വാർഷികം ആഘോഷിക്കുന്ന മോട്ടിവേറ്റ് മീഡിയ ഗ്രൂപ്പ് മധ്യപൂർവദേശത്ത് പ്രിന്റ്, ഡിജിറ്റൽ, സോഷ്യൽ, വിഡിയോ, എക്സിബിഷനുകൾ ആൻഡ് ഇവന്റുകൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന മാധ്യമ പരിപാടികൾക്കായി പ്രവർത്തിക്കുന്നു. 125 ദിർഹമാണ് ടു ബി ദ് ഫസ്റ്റ് എന്ന പുസ്തകത്തിന്റെ വില.