മധ്യേഷ്യയിലെ പ്രശ്നം ഇന്ത്യയെയും ബാധിക്കും: ജയശങ്കർ
Mail This Article
ദോഹ∙ ഇസ്രയേൽ – പലസതീൻ സംഘർത്തിന്‍റെ ഫലമായി മധ്യേഷ്യയിൽ സംഭവിക്കുന്നത് ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ദോഹ ഫോറം 2024 ൽ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഭൂമിശാസ്ത്രപരമായി മധ്യേഷ്യയിൽ നിന്ന് അകലെയാണെങ്കിലും, ഈ മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വലിയ ബന്ധമുണ്ട്. ഗൾഫ് മേഖലയിൽ 10 ദശലക്ഷത്തിലധികം ഇന്ത്യക്കാരും മെഡിറ്ററേനിയൻ രാജ്യങ്ങളിൽ അഞ്ച് ദശലക്ഷം ഇന്ത്യക്കാരും താമസിക്കുന്നു. ഇന്ത്യയും ഈ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 80 ബില്യൻ ഡോളറാണ്. ഗൾഫ് രാജ്യങ്ങളുമായുള്ള വ്യാപാരം 180 ബില്യൻ ഡോളറിലെത്തി.
ഈ മേഖലയിലെ പ്രശ്നങ്ങൾ പ്രാദേശികമായി ഒതുങ്ങി നിൽക്കില്ല. പല രാജ്യങ്ങളെയും ബാധിക്കും. സംഘർഷാവസ്ഥ ഷിപ്പിങ് ചെലവ്, ചരക്കുനീക്കം തുടങ്ങിയവയിൽ പ്രതിഫലിക്കും. പലസ്തീൻ പ്രശ്നമാണ് സംഘർഷത്തിന് കാരണം. അത് പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ദോഹ ഫോറം ഉദ്ഘാടനം ചെയ്തത്.