തൊഴില്‍ നിയമലംഘനം: മസ്കത്തില് 1,551 പ്രവാസികള്‍ അറസ്റ്റില്‍
Mail This Article
മസ്‌കത്ത്∙ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് മസ്‌കത്ത് ഗവർണറേറ്റിൽ കഴിഞ്ഞ മാസം 1,551 പ്രവാസികൾ അറസ്റ്റിലായി. തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജോയിന്‍റ് ഇൻസ്‌പെക്ഷൻ ടീം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസിന്‍റെ ഇൻസ്‌പെക്ഷൻ യൂണിറ്റുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ അറസ്റ്റിലായത്.
ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേർ, തൊഴിലുടമകളല്ലാത്തവർക്കായി ജോലി ചെയ്ത 69 പേർ, ആവശ്യമായ ലൈസൻസുകളില്ലാതെ നിയന്ത്രിത തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന 148 തൊഴിലാളികൾ, സ്വന്തം നിലയിൽ ജോലി ചെയ്ത 64 പേർ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ 518 തൊഴിൽ ലംഘന കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
അതേസമയം, തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് തൊഴിൽ മന്ത്രാലയം. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സർവീസസുമായി സഹകരിച്ചാണ് തൊഴിൽ മന്ത്രാലയം പരിശോധന നടത്തുന്നത്. തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള വിഷൻ 2040ന്‍റെ ഭാഗമായാണ് പരിശോധന.