ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി
Mail This Article
അബുദാബി ∙ പഴയ സ്മാർട് ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നവർ സൈബർ കുറ്റവാളികൾക്ക് വഴി തുറന്നുകൊടുക്കാതെ ജാഗ്രത പുലർത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ് (എഡിജെഡി) മുന്നറിയിപ്പ് നൽകി. എല്ലാവരും അവരവരുടെ സ്വകാര്യത സംരക്ഷിക്കാനും സൈബർ ചൂഷണത്തിന് ഇരയാകുന്നത് ഒഴിവാക്കാനും നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു.
സ്മാർട് ഫോണുകളുടെ പുതിയ മോഡലുകൾ സ്വന്തമാക്കുന്നതിനായി പലരും അവരുടെ പഴയ ഉപകരണങ്ങൾ പതിവായി വിൽക്കുന്നു. എങ്കിലും ഈ സാധാരണ രീതി ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കാര്യമായ അപകടസാധ്യതകൾ ഏറെയാണ്. അപരിചിതർക്ക് ലഭിച്ചാൽ ദുരുപയോഗം ചെയ്‌തേക്കാവുന്ന ഫോട്ടോകളും വിഡിയോകളും ഉൾപ്പെടെയുള്ള വ്യക്തിപരവും സ്വകാര്യവുമായ ഡേറ്റകൾ പഴയ സ്‌മാർട്ട്‌ഫോണുകളിലുള്ളതിനാലാണ് അപകടങ്ങൾ സംഭവിക്കുന്നതെന്നും വ്യക്തമാക്കി.
ഉപകരണങ്ങൾ കൈമാറുന്നതിന് മുൻപ് പ്രധാനപ്പെട്ട ഡേറ്റ ബാക്കപ്പ് ചെയ്യാനോ കൈമാറാനോ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഫോൺ വിൽക്കുന്നതിന് മുൻപ് എല്ലാ വിവരങ്ങളും പ്രത്യേകിച്ച് സ്വകാര്യ വിവരങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതോ അവരുടെ ഡേറ്റയിൽ വിട്ടുവീഴ്ച ചെയ്യാവുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഡേറ്റകൾ സമൂഹ മാധ്യമത്തിൽ അമിതമായി പങ്കിടുന്നതിന്റെ അപകടസാധ്യതകൾ എടുത്തുകാണിക്കുകയും വ്യക്തിഗത വിവരങ്ങൾ പോസ്റ്റുചെയ്യുന്നതിൽ ജാഗ്രത പാലിക്കാൻ താമസക്കാരെ ഉപദേശിക്കുകയും ചെയ്തു.
കുട്ടികളെ ചൂഷണം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കണം
കൂടാതെ, കുട്ടികളെ ചൂഷണം ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിന് അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് അഭ്യർഥിച്ചു. ഈ മാർഗനിർദേശങ്ങൾ പാലിക്കുന്നതിലൂടെ താമസക്കാർക്ക് അവരുടെ സ്വകാര്യത സംരക്ഷിക്കാനും സൈബർ കൊള്ളയടിക്ക് ഇരയാകാനുള്ള സാധ്യത കുറയ്ക്കാനും കഴിയും.