ദേശ, ഭാഷാന്തരങ്ങൾ മറന്ന് കൗക്കുബോ ഗാനസന്ധ്യ
Mail This Article
ദുബായ് ∙ ഭാഷകളും ദേശങ്ങളും വ്യത്യസ്തമായിരുന്നെങ്കിലും അവർ പാടിയത് ഒന്നിനെക്കുറിച്ചായിരുന്നു, ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച്. ആ സംഗീതത്തിൽ, താളത്തിൽ, ദേശ–ഭാഷാ അതിരുകൾ അലിഞ്ഞില്ലാതായി. അറിയാത്ത ഭാഷയിലെ സംഗീതവും ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങി.
ക്രിസ്മസിന്റെ വരവറിയിച്ച് ദുബായ് മാർത്തോമ്മാ യുവജന സഖ്യം ഒരുക്കിയ കൗക്കുബോ ക്രിസ്മസ് വിളംബര ഗാനശുശ്രൂഷയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകസംഘങ്ങൾ അണിനിരന്നു. ഇംഗ്ലിഷ്, മലയാളം, ഹിന്ദി, അറബിക്, ചൈനീസ്, തഗലോഗ് (ഫിലിപ്പീൻസ്), സുറിയാനി, ആഫ്രിക്കൻ അറബിക് ഭാഷകളിലുള്ള ക്രിസ്മസ് കാരളുകളാണ് കൗക്കുബോയിൽ പാടിയത്. ക്രിസ്തുവിന്റെ ജനനം വിളംബരം ചെയ്ത നക്ഷത്രമാണ് കൗക്കുബോ. കൗക്കുബോ കാട്ടിയ വഴിയിലൂടെയാണ് രാജാക്കന്മാർ യേശു പിറന്ന കാലിത്തൊഴുത്തിലെത്തിയത്.
ക്രിസ്മസ് വിളംബരം ചെയ്യുന്ന സഭൈക്യ സംഗീതസന്ധ്യ എന്ന നിലയിലാണ് പരിപാടിക്കു കൗക്കുബോ എന്ന പേരിട്ടത്. ദുബായ് മാർത്തോമ്മാ പള്ളി ഗായക സംഘം, സെന്റ് മിനാ കോപ്റ്റിക് ഓർത്തഡോക്സ് ക്വയർ, വിവിധ രാജ്യങ്ങളിൽ നിന്നും ഭാഷകളിൽ നിന്നുമുള്ള ഗായകർ ഉൾപ്പെട്ട ജോയ്ഫുൾ സിങ്ങേഴ്സ്, ദുബായ് മാർത്തോമ്മാ ജൂനിയർ ക്വയർ, ദുബായ് ചൈനീസ് ഗോസ്പൽ ചർച്ച്, സെന്റ് മേരീസ് ഫിലിപ്പിനോ കമ്യൂണിറ്റി ക്വയർ, ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്വയർ, മേരാക്കി ദ് മ്യൂസിക് മാനിഫെസ്റ്റേഴ്സ്, അബുദാബി ലിവിങ് വാട്ടർ ചർച്ച ക്വയർ എന്നിവരാണ് കാരളുകൾ അവതരിപ്പിച്ചത്.
ഗാനസന്ധ്യ ഓർത്തഡോക്സ് സഭ കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സഭ കുന്നംകുളം മലബാർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ മക്കാറിയോസ് അധ്യക്ഷനായി. യൂത്ത് ചാപ്ലെയ്ൻ റവ.ബിനോയ് ബേബി, കൗക്കുബോ കൺവീനർ ജിലു കെ. ജോൺ, ദുബായ് ഇടവക സഹവികാരി റവ.ബിജി എം.രാജു, മാർത്തോമ്മാ യുവജന സഖ്യം യുഎഇ സെന്റർ പ്രസിഡന്റ് റവ.ടോം ജോൺ, ഇടവക സെക്രട്ടറി ജോൺസ് ദാനിയേൽ, കൗക്കുബോ കൺവീനർ നന്മ ജാക്സൺ, ഇടവക വികാരി ജിജോ ടി.മുത്തേരി, റവ.വി.ടി.ജോസൺ, റവ.എം.മാത്യു, റവ.രഞ്ജിത്ത് ഉമ്മൻ, റവ.ചാൾസ് എം.ജെറിൽ എന്നിവർ പ്രസംഗിച്ചു.