ADVERTISEMENT

അബുദാബി ∙ ഇന്ത്യാ-യുഎഇ സ്റ്റാർട്ടപ്പ് ബന്ധം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത പ്രഥമ ഫൗണ്ടേഴ്സ് റിട്രീറ്റ് യുഎഇയിൽ സമാപിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം നടത്താനും ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ രാജ്യാന്തരതലത്തിൽ വികസിപ്പിക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഫൗണ്ടേഴ്സ് റിട്രീറ്റിൽ പ്രതിഫലിച്ചത്. 

ഇന്ത്യയിലെ ഗിഫ്റ്റ് സിറ്റിയിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഫണ്ട് പോലെ നൂതന സംരംഭങ്ങൾ സ്ഥാപിക്കുന്നതിൽ യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും സമ്മേളനം വ്യക്തമാക്കി. ഇന്ത്യൻ പ്രതിഭകളുടെ കഴിവും യുഎഇയുടെ ദീർഘവീക്ഷണത്തോടെയുള്ള പിന്തുണയും സമന്വയിക്കുമ്പോൾ മികവോടെ സ്റ്റാർട്ടപ്പ് വളരുമെന്നാണ് വിലയിരുത്തുന്നതെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തിനും നിക്ഷേപത്തിനും അതിരുകൾ ഭേദിക്കാനാകുമെന്നുമാണ് റിട്രീറ്റ് തെളിയിക്കുന്നതെന്ന് ഓഫ് ലൈൻ സ്ഥാപകൻ ഉത്സവ് സൊമാനി പറഞ്ഞു.

നിലവിൽ 2000 കോടി ഡോളർ ഇന്ത്യയിലെ വിവിധ പദ്ധതികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് സ്റ്റാർട്ടപ്പ് മേഖലയ്ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ– യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സെപ) കീഴിൽ സ്ഥാപിതമായ യുഎഇ-ഇന്ത്യ സ്റ്റാർട്ടപ്പ് ബ്രിജ് പോലുള്ള സംരംഭങ്ങൾ  സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അബ്ദുൽ നാസർ അൽ ഷാലി പറഞ്ഞു. നൂതനാശയങ്ങൾ, നിക്ഷേപം, വളർച്ച എന്നിവ പരിപോഷിപ്പിക്കാനും അത് ഉപകരിക്കും. 

ഇന്ത്യയിലെ പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപകർ, യുഎഇയിലെ ബിസിനസ് നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് ഭാവിയിലെ നിക്ഷേപ സഹകരണത്തിലേക്ക് റിട്രീറ്റ് വിജയത്തുടക്കം സമ്മാനിച്ചത്. ഡൽഹിയിലെ യുഎഇ എംബസി, ഓഫ് ലൈൻ, യുഎഇ-ഇന്ത്യ സെപ കൗൺസിൽ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

English Summary:

UAE Gathers India’s Top Startup Founders and Prominent Emirati Leaders to Encourage Partnerships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com