രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇ അഞ്ചാമത്
Mail This Article
അബുദാബി ∙ യുഎഇയിലെ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളെ യുഎൻ അഭിനന്ദിച്ചു. ഈ വിഭാഗത്തിൽ, സമാന ജിഡിപിയുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് യുഎഇ. യുഎൻ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ 156 രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
10,000 കോടി ഡോളറിനും ഒരു ട്രില്യൻ ഡോളറിനുമിടയിൽ ജിഡിപിയുള്ള രാജ്യങ്ങളെ താരതമ്യം ചെയ്തപ്പോൾ യുഎഇയുടെ മുന്നിലുള്ളത് സ്വിറ്റ്സർലൻഡ്, ചെക്ക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക, സ്‌ലൊവാക്യ എന്നീ രാജ്യങ്ങളാണ്. 2022ലെ സൂചികയിൽ 11–ാം സ്ഥാനത്തായിരുന്ന യുഎഇയുടെ കുതിപ്പാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് വ്യവസായ, നൂതനസാങ്കേതിക മന്ത്രി ഡോ.സുൽത്താൻ അൽ ജാബർ പറഞ്ഞു.
‘യുഎഇയിലെ അടിസ്ഥാനസൗകര്യങ്ങൾ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഉദാഹരണമാണിത്. വ്യവസായ മേഖലയിലെ കാര്യക്ഷമത, മത്സരക്ഷമത, ഉൽപാദനക്ഷമത എന്നിവയാണ് രാജ്യത്തെ മികച്ച റാങ്കിലേക്കു നയിച്ചത്. വരുംകാലങ്ങളിൽ ഇതു കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1 ട്രില്യൻ ഡോളറിൽ കൂടുതൽ ജിഡിപിയുള്ള എക്സ്എൽ വിഭാഗം രാജ്യങ്ങളിൽ സൗദി 16-ാം സ്ഥാനത്താണ്. ഈ വിഭാഗത്തിൽ ഉയർന്ന നിലവാരം പാലിക്കുന്ന രാജ്യമാണ് ചൈന. ഫ്രാൻസ്, ജർമനി, യുഎസ്, യുകെ എന്നിവയാണ് തൊട്ടുപിന്നിൽ.