ദമാമിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു
Mail This Article
ദമാം ∙ അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ ആറംഗ കുടുംബം മരിച്ചത് മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച്. ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു. സോഫയിൽനിന്ന് പടർന്ന തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് മൂന്നു സ്ത്രീകളും മൂന്നു പുരുഷൻമാരും മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഹ്മദ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, മര്‍യം ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ലതീഫ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഇവരുടെ സഹോദര പുത്രന്‍ ഹസന്‍ അലി അല്‍ജിബ്‌റാന്‍ എന്നിവരാണ് മരിച്ചത്. ആറുപേരുടെയും മൃതദേഹം ഹുഫൂഫ് അല്‍ഖുദൂദ് കബര്‍സ്ഥാനിൽ മറവു ചെയ്തു. അപകടത്തിൽ മരിച്ച യുവതിയുടെ വിവാഹ നിശ്ചയം ദുരന്തത്തിന് രണ്ടു ദിവസം മുൻപാണ് നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. നൂറു കണക്കിന് പേരാണ് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തത്.