ADVERTISEMENT

ദോഹ. കാൽപന്തിന്റെ കളിയരങ്ങിനായി 5 ആതിഥേയ നഗരങ്ങളിലായി ലോകോത്തര നിലവാരത്തിലുള്ള 15 സ്റ്റേഡിയങ്ങൾ. കളിയാവേശം തീർക്കാൻ രാജ്യത്തുടനീളമായി 10 ആതിഥേയ കേന്ദ്രങ്ങൾ. സ്റ്റേഡിയങ്ങളിലേക്ക് യാത്ര സുഗമമാക്കാൻ 16 രാജ്യാന്തര വിമാനത്താവളങ്ങൾ, സേവന മേഖലയിൽ 10 ലക്ഷത്തിലധികം വൊളന്റിയർമാർ –അറബ് മണ്ണിൽ പുതിയ കായിക ചരിത്രം  സൃഷ്ടിക്കാനുള്ള ഔദ്യോഗിക ട്രാക്കിൽ  സൗദി. 2034 ഫിഫ ലോകകപ്പിന്റെ ആതിഥേയരായി സൗദി അറേബ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ. 

ഇന്നു ചേർന്ന ഫിഫ കോൺഗ്രസിൽ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആണ് സൗദിയുടെ ആതിഥേയത്വം പ്രഖ്യാപിച്ചത്. ഓൺലൈൻ ആയാണ് കോൺഗ്രസ് നടന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ആതിഥേയത്വത്തിനുള്ള ബിഡ് സൗദി സമർപ്പിച്ചത്. 2034 ഫിഫ ലോകകപ്പ് ആതിഥേയത്വത്തിൽ നിന്ന് ഓസ്ട്രേലിയ പിന്മാറിയതോടെയാണ് എതിരില്ലാതെ സൗദി തിരഞ്ഞെടുക്കപ്പെട്ടത്. ഒരുമിച്ച് വളരാം എന്ന മുദ്രാവാക്യത്തോടെ മാർച്ചിലാണ് സൗദി ബിഡ് ക്യാംപെയ്ൻ ആരംഭിച്ചത്. 

അടിസ്ഥാന സൗകര്യങ്ങളുടെയും സമ്പത്തിന്റെയും ശക്തിയുടെയും സ്വാധീനത്തിന്റെയും കാര്യത്തിൽ മിഡിൽ ഈസ്റ്റിലെ പവർ ഫുൾ രാജ്യമായ സൗദി ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ അറബ് മണ്ണിലെ രണ്ടാമത്തെ ഫിഫ ലോകകപ്പിന്റെ ആതിേഥയത്തിന്റെ ഔദ്യോഗിക ട്രാക്കിലേക്കാണ് നടന്നു കയറിയത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 48 ടീമുകളുമായുള്ള ലോകകപ്പിനാണ് സൗദി വേദിയാകുന്നത്. ഒറ്റ രാജ്യത്തിൽ തന്നെ 48 ടീമുകളുടെ മത്സരത്തിന് വേദിയൊരുക്കുന്നുവെന്നതും സൗദിയുടെ പ്രത്യേകതയാണ്. തലസ്ഥാന നഗരിയായ റിയാദിന് പുറമെ ജിദ്ദ, അൽ ഖോബാർ, നിയോം, അബ എന്നിവയാണ് ആതിഥേയ നഗരങ്ങൾ.  5 ആതിഥേയ നഗരങ്ങളിലായാണ് 15 സ്റ്റേഡിയങ്ങൾ. നിലവിലെ 4 സ്റ്റേഡിയങ്ങൾക്ക് പുറമെ 3 എണ്ണം നിർമാണത്തിലും 8 എണ്ണം ആസൂത്രണ നടപടികളിലുമാണ്. 5 ആതിഥേയ നഗരങ്ങളിൽ 2 ഫിഫ ഫാൻ ഫെസ്റ്റിവൽ കേന്ദ്രങ്ങളുമുണ്ടാകും. മറ്റ് 10 ആതിഥേയ കേന്ദ്രങ്ങളിൽ ടീം ബേസ് ക്യാംപുകൾ സജ്ജമാക്കാനാണ് പദ്ധതിയിടുന്നത്.  15 സ്റ്റേഡിയങ്ങളിൽ ആയി 104 മത്സരങ്ങൾ ആണ് നടക്കുക.

ഖത്തറിലേതു പോലെ ഒതുക്കമുള്ള ലോകകപ്പ് അല്ല സൗദിയിലേത്. വലിയ രാജ്യമായതിനാൽ സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾ കാണാൻ ആഭ്യന്തര വിമാന സർവീസ് ഉപയോഗിക്കേണ്ടി വരും. മെട്രോ ഉൾപ്പെടെയുള്ള യാത്രാ സൗകര്യങ്ങളുമുണ്ട്. ടീമുകൾക്ക് പരിശീലനത്തിനായി 134 കേന്ദ്രങ്ങളും തയാറാക്കും. 5 ആതിഥേയ നഗരങ്ങളിലായി കാണികൾക്ക് താമസിക്കാൻ ആവശ്യത്തിന് ഹോട്ടലുകളും മറ്റ് അക്കോമഡേഷൻ സൗകര്യങ്ങളും ഉണ്ടാകും. 2,30,000 ഹോട്ടൽ മുറികളാണ് ആതിഥേയ നഗരങ്ങളിൽ ആകെയുളളത്. 

ലോകത്തെ മുഴുവൻ സ്വാഗതം ചെയ്താണ് സൗദി ബിഡ് സമർപ്പിച്ചത്. കഴിഞ്ഞ വർഷം മാത്രം സൗദിയിലേക്ക് 27 ദശലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. ആഗോള വളർച്ചാ റാങ്കിങ്ങിൽ മുൻനിരയിലായിരുന്നു സ്ഥാനം. ആതിഥേയത്വത്തിൽ അത്ഭുതം തീർക്കാൻ സൗദി ഒരുങ്ങുമ്പോൾ ഇനിയുള്ള നാളുകൾ സൗദി ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറും. 

English Summary:

fifa-announced-saudi-arabia-as-2034-world-cup-host-country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com