എട്ട് ദിവസത്തിനിടയില്‍ കുവൈത്തില്‍ 46,000 ഗതാഗത നിയമ ലംഘനങ്ങള്‍
Mail This Article
കുവൈത്ത്‌സിറ്റി ∙ കുവൈത്തിൽ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 6 വരെ 46,562 ഗതാഗത നിയമലംഘനങ്ങള്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പിടികൂടി. ഈ ദിവസങ്ങളില്‍ 1,648 വാഹന അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ജനറല്‍ ട്രാഫിക് വകുപ്പും ജനറല്‍ റെസ്‌ക്യൂ പൊലീസും അറിയിച്ചു.
ട്രാഫിക് അഫയേഴ്‌സ് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടര്‍
ട്രാഫിക് അഫയേഴ്‌സ് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടറിന്റെ കണക്ക്പ്രകാരം പരിശോധനയില്‍ പിടികൂടിയ 45 നിയമലംഘകരെ മുന്‍കരുതല്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് അയച്ചു. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ച 12 പേരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആര്‍ട്ടിക്കിള്‍ 207 (സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ബൈക്കില്‍ ഹെല്‍മെറ്റ് ഇല്ലാതെയുള്ള യാത്ര തുടങ്ങിയവ) ലംഘിച്ചതിന് 135 വാഹനങ്ങളും 48 മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുത്തു.
സിവില്‍, മോഷണ കേസുകളുമായി ബന്ധപ്പെട്ട 33 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികിട്ടാപ്പുള്ളികളായ 36 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ മയക്കുമരുന്ന് കൈവശം വച്ചെന്ന കണ്ടെത്തിയ ഒരാളെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
ജനറല്‍ റെസ്‌ക്യൂ പൊലീസ്
∙ ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 7 വരെ ജനറല്‍ റെസ്‌ക്യൂ പൊലീസ് 30 പേരെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിലേക്ക് റഫര്‍ ചെയ്തു.
∙ നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ച രണ്ട് പേരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
∙ വിവിധ ഗവര്‍ണറേറ്റുകളിലായി 1,395 സുരക്ഷാ, ഗതാഗത പരിശോധനകള്‍ നടത്തി.
∙റസിഡന്‍സി നിയമം ലംഘിച്ച 75 പേരെ അറസ്റ്റ് ചെയ്തു.
∙241 പേര്‍ക്ക് പൊലീസ് സഹായം ലഭ്യമാക്കി.