43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ; നരേന്ദ്ര മോദിയുടെ ചരിത്രസന്ദർശനം ഈ മാസം
Mail This Article
കുവൈത്ത് സിറ്റി ∙ ചരിത്രസന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസാവസാനം കുവൈത്തിലെത്തും. 43 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. ഇന്ദിരാ ഗാന്ധിയാണ് ഏറ്റവും ഒടുവിൽ കുവൈത്ത് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി (1981ൽ).
അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ് ഉൾപ്പെടെയുള്ള പ്രമുഖരുമായി മോദി ചർച്ച നടത്തും. കുവൈത്തിലെ വ്യവസായ പ്രമുഖരെയും കാണും. ഹവല്ലി ഗവർണറേറ്റിലെ ബൊലിവിയാർഡ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. തൊഴിലാളി ക്യാംപ് സന്ദർശിക്കാനും പദ്ധതിയുണ്ട്. പ്രധാനമന്ത്രിയായ ശേഷം ജിസിസിയിൽ മോദി സന്ദർശിക്കാത്ത ഏക രാജ്യം കുവൈത്താണ്.
കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്യയ കുവൈത്ത് സന്ദർശിക്കാനുള്ള ക്ഷണക്കത്ത് മോദിക്കു കൈമാറിയിരുന്നു. ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി എത്രയും വേഗം കുവൈത്ത് സന്ദർശിക്കുമെന്നും അറിയിച്ചിരുന്നു. സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന 79–ാമത് യുഎൻ ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.