ഷാർജയിൽ ചില കുറ്റവാളികളെ ഉപാധികളോടെ വിട്ടയക്കും
Mail This Article
ഷാർജ∙ കുറ്റവാളികളെ സോപാധികമായി വിട്ടയക്കുന്നത് സംബന്ധിച്ച് ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ വിധി പുറപ്പെടുവിച്ചു. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ റൂളേഴ്‌സ് ഓഫിസിൽ നടന്ന കൗൺസിൽ യോഗത്തിലാണ് നടപടി പ്രഖ്യാപിച്ചത്. ഷാർജ ഡപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി യോഗത്തിൽ പങ്കെടുത്തു.
തീരുമാനമനുസരിച്ച് ശിക്ഷയുടെ മുക്കാൽ ഭാഗവും അനുഭവിച്ച കുറ്റവാളിക്ക് ഒരു മാസമോ അതിലേറെയോ നിയന്ത്രണത്തോടയും പിഴയോടെയും മോചനം ലഭിക്കുന്നതാണ്. ജീവപര്യന്തം തടവുശിക്ഷയുള്ള കേസുകളിൽ കുറ്റവാളി കുറഞ്ഞത് 20 വർഷമെങ്കിലും ശിക്ഷ അനുഭവിച്ചതിന് ശേഷം മോചനം സാധ്യമായേക്കാം. ആത്യന്തികമായി ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മോചനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. അതനുസരിച്ച് ഷാർജയിലെ പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കും.
സോപാധികമായ റിലീസിനുള്ള നിബന്ധനകൾ, മോചനത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ, റദ്ദാക്കാനുള്ള കാരണങ്ങൾ, എക്സിക്യൂട്ടീവ് തീരുമാനങ്ങൾ, അതുപോലെ തന്നെ നടപ്പിലാക്കുന്നതിനുള്ള നടപടികൾ എന്നീ തീരുമാനങ്ങളും വിശദീകരിച്ചു.