പുതുവർഷപ്പുലരിയെ വരവേൽക്കാൻ ഒരുങ്ങി അബുദാബി: 17 കേന്ദ്രങ്ങളിൽ വെടിക്കെട്ട്
Mail This Article
അബുദാബി ∙ പുതുവർഷപ്പുലരിയെ വരവേൽക്കാൻ ഒരുങ്ങി അബുദാബി. ദുബായിലും അബുദാബിയിലുമായി17 സ്ഥലങ്ങളിൽ വർണാഭമായ വെടിക്കെട്ട് നടത്തും. പുതുവർഷപ്പുലരിയുടെ ആദ്യനിമിഷം ആകാശത്ത് അഗ്നിപുഷ്പങ്ങൾ വിരിയിച്ചാണ് യുഎഇ സ്വാഗതം ചെയ്യുക. അബുദാബിയിലെ ഏറ്റവും വലിയ വെടിക്കെട്ട് ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് നടക്കുക.
മദർ ഓഫ് ദ് നേഷൻ ഫെസ്റ്റിവൽ, ലുലു ഐലൻഡ്, കോർണിഷ് ബീച്ച് ഉൾപ്പെടെ 8 കിലോമീറ്റർ നീളമുള്ള അബുദാബി കോർണിഷിന്റെ വിവിധ ഭാഗങ്ങളിൽ വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ഹുദൈരിയാത്ത് ഐലൻഡിലെ ബാബ് അൽ നുജൂമിലാണ് അബുദാബിയിലെ മറ്റൊരു വെടിക്കെട്ട് നടക്കുക.
അൽമർയ ഐലൻഡിലും വെടിക്കെട്ട് കാണാം. മദീന സായിദ് പബ്ലിക് പാർക്ക്, മിർഫയിലെ മുഗീറ ബേ വാട്ടർഫ്രണ്ട്, അൽദഫ്രയിലെ ഗയാത്തി എന്നിവിടങ്ങളിലും ആകാശവിസ്മയം കാണാം.പടിഞ്ഞാറൻ മേഖലകളിലുള്ളവർക്ക് പുതുവർഷത്തെ വരവേൽക്കാൻ ലിവ വില്ലേജിലെ താൽ മൊരീബിലും വെടിക്കെട്ടുണ്ടാകും. ലിവ ഫെസ്റ്റിവലിൽ പുതുവർഷത്തോടനുബന്ധിച്ച് ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
കിഴക്കൻ മേഖലയിലുള്ളവർ അൽഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ വെടിക്കെട്ടോടെയാണ് പുതുവർഷത്തെ വരവേൽക്കുക. ദുബായിലെ ആഘോഷങ്ങൾ പതിവുപോലെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കേന്ദ്രീകരിച്ചാണ് നടക്കുക.
828 മീറ്റർ ഉയരമുള്ള കെട്ടിത്തിൽ നിന്ന് വെടിക്കെട്ട് ഉതിർക്കുന്നത് കാണാൻ ഡൗൺടൗണിലും പരിസരങ്ങളിലുമായി പതിനായിരങ്ങൾ അണിനിരക്കും. ബുർജ് ഖലീഫയിൽ 9 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടാണ് ആരാധകരെ വിസ്മയിപ്പിക്കുക. 110 സംഗീത വിദഗ്ധരുടെ കച്ചേരിയിലൂടെ പുതുവർഷത്തെ വരവേൽക്കും.