ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ പഴയകാല പ്രതാപങ്ങളുടെ ആദ്യഘട്ടം മുതല്‍ സമകാലീനം വരെയുള്ള അത്ഭുത കാഴ്ചകള്‍ സമ്മാനിക്കുകയാണ് മനാഹ് വിലായത്തിലെ ഒമാന്‍ അക്രോസ് ഏജസ് മ്യൂസിയം. രാജ്യത്തിന്റെ ഭൂതകാലത്തിനും വർത്തമാന കാലത്തിനും  ഭാവിയ്ക്കും ഇടയിലെ മാറ്റമാണ് മ്യൂസിയം തുറന്നു കാട്ടുന്നത്.  ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജ്യത്തിന് സമര്‍പ്പിച്ച മ്യൂസിയം ആഭ്യന്തര, രാജ്യാന്തര സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ്.

മ്യൂസിയത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തിലേക്കും ചരിത്രത്തിലേക്കുമുള്ള യാത്ര തുടങ്ങും. ചരിത്രാതീത കാലം മുതലുള്ള പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ കാണാം.  ഹിസ്റ്ററി ഹാളില്‍ ലാന്‍ഡ് ഓഫ് ഒമാന്‍, ഏര്‍ലി സെറ്റിലേഴ്സ്, മജാന്‍ നാഗരികത,  മജാന്‍ രാജ, നാവിക പൈതൃകം,  അല്‍ ബുസൈദി രാജവംശം,  അഫ്‌ലജ,  ഇസ്ലാം ആശ്ലേഷണം,  അല്‍ യാരിബ രാജവംശം എന്നിങ്ങനെ വിവിധ പവിലിയനുകളുമുണ്ട്. നാവിക പൈതൃകം, അഫ്‌ലജ് എന്നിവയാണ് പ്രധാനപ്പെട്ടത്. ഏർലി  സെറ്റിലേഴ്സ് ശിലായുഗത്തെയാണ് അടയാളപ്പെടുത്തുന്നത്. ഒമാനി കരയുടെ ഭൗമ രൂപീകരണം കൂടിയാണിത്. മജാന്‍ പവിലിയനില്‍ വെങ്കല യുഗത്തെയും ഒമാന്‍ രാജവംശ പവിലിയനില്‍ ഇരുമ്പ് യുഗത്തെയും പ്രതിനിധാനം ചെയ്യുന്നു. ഓരോ പ്രദേശത്തിന്റെയും വിആര്‍ അനുഭവമാണ് സന്ദര്‍ശകന് പകര്‍ന്നുനല്‍കുക.

Image Credit: Oman News Agency.
Image Credit: Oman News Agency.

ചരിത്ര ഹാളും നവോത്ഥാന ഹാളും മ്യൂസിയത്തിനുണ്ട്. വ്യത്യസ്ത യുഗങ്ങള്‍ എന്ന പവിലിയന്‍ ദൈനംദിന ജീവിതത്തിന്റെ വിവിധ വശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. റാസ് അല്‍ ഹംറയിലെയും റാസ് അല്‍ ജിന്‍സിലെയും കുടിയേറ്റങ്ങള്‍ക്കുള്ള തെളിവാണിത്. ഓരോ കാലത്തെയും കുടിയേറ്റവുമായി ഇവക്കുള്ള ബന്ധം, നാവിക ആശയവിനിമയങ്ങള്‍, ചെമ്പ് വ്യാപാരം, അഫ്‌ലജ് നിര്‍മാണം എന്നിവയുടെ തെളിവുമുണ്ട്. ഇസ്ലാമിന് ഒമാനി ജനതയുടെ സംഭാവനയും ബൗദ്ധിക, രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക ജീവിതങ്ങള്‍ എന്നിവയുടെ വിവിധ വശങ്ങളും എച്ച് ഡി അന്തരീക്ഷത്തില്‍ കാണാം. 

Image Credit: Oman News Agency.
Image Credit: Oman News Agency.

2015ലാണ് മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മ്യൂസിയത്തിന് ശിലയിട്ടത്. . മൂന്ന് ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കെട്ടിടം മാത്രം 66,591 ചതുരശ്ര മീറ്റര്‍ വരും. അല്‍ ഹജര്‍ പര്‍വതത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പന. ഭൗമ സവിശേഷതകളോടെയുള്ള ഒമാനി പരിസ്ഥിതിയെ പ്രതിനിധാനം ചെയ്യുന്ന വാസ്തു വിസ്മയമാണ് മ്യൂസിയം. എടുപ്പിലും പ്രതിനിധാനത്തിലും ഒമാനി നവോത്ഥാന കാലഘട്ടത്തെ എടുത്തുകാട്ടുന്നതാണ് വലിയ കെട്ടിടത്തിന്റെ മാതൃക. സവിശേഷമായ ആധുനിക ശൈലിയിലുള്ള ഒമാനി വാസ്തുവിദ്യയിലാണ് നിർമാണം. സാങ്കേതിക വിശദാംശങ്ങളും നിര്‍മാണ രീതികളും നിര്‍മാണ വസ്തുക്കളും ഏറെ പ്രത്യേകതകളുള്ളതാണ്.

Image Credit: Oman News Agency.
Image Credit: Oman News Agency.

പരിസ്ഥിതി സൗഹൃദമാണ് മ്യൂസിയം കെട്ടിടം. കിഴക്കുഭാഗത്ത് താഴ്ചയായതിനാൽ രാവിലെ സൂര്യകിരണങ്ങള്‍ ആവോളം ലഭിക്കും. അകത്തളങ്ങളിലേക്ക് സൂര്യ രശ്മികൾ നേരിട്ട്  എത്താതിരിക്കാൻ ചെരിവുള്ള ചുമരുകളില്‍ ജനാലകള്‍ വെച്ചിട്ടുണ്ട്. പഴയ കോട്ടകളുടെയും കെടിട്ടങ്ങളുടെയും ശൈലിയിലാണ് രൂപകല്പന. അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബാതിന ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള ഉന്നത നിലവാരമുള്ള ഒമാനി കല്ലുകളാണ് ചുമരുകള്‍ക്ക് ഉപയോഗിച്ചത്. അകത്തും പുറത്തും ഈ കല്ലുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കല്ലുകളുടെ അവശിഷ്ടങ്ങള്‍ പൂന്തോട്ടത്തിനായും ഉപയോഗിച്ചു. 9 മുതല്‍ 16 മീറ്റര്‍ വരെ ഉയരത്തിലുള്ള ചില്ല് മേലാപ്പ് മറ്റൊരു പ്രത്യേകതയാണ്. ചിലയിടത്ത് 25 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ മേലാപ്പ്. ഇതിലൂടെ ചക്രവാളങ്ങളില്‍ നിന്നുള്ള കാഴ്ചക്ക് കെട്ടിടത്തിന് വ്യക്തതയും പ്രാധാന്യവും ലഭിക്കും. 

സ്റ്റീല്‍ കളര്‍ ഗ്ലാസുകളും ഉപയോഗിച്ചിട്ടുണ്ട്. 6 സെന്റി മീറ്റര്‍ വീതം കട്ടിയുള്ള നാല് അടുക്കുകളായാണ് ഗ്ലാസ് ഉപയോഗിച്ചത്. മുകളിലേക്ക് 5 മീറ്റര്‍ വരെയുണ്ട്. ഇതിലൂടെ മ്യൂസിയത്തിന്റെ കാഴ്ച കൂടുതല്‍ സുന്ദരമാകും. മാത്രമല്ല, സന്ദര്‍ശകര്‍ക്ക് സമഗ്രമായ കാഴ്ച ഉറപ്പാക്കുന്നുണ്ട്.  ഭൂചലനത്തിന്റെ ആഘാതം ഏല്‍ക്കാതിരിക്കാന്‍ മ്യൂസിയം കെട്ടിടത്തിന്റെയും ഭൂമിയുടെയും ഇടയില്‍ ഇന്‍സുലേറ്റിങ് ലേയറും ഉപയോഗിച്ചിട്ടുണ്ട്. ഭൂചലനമുണ്ടാകുമ്പോള്‍ ഈ ഇന്‍സുലേഷന്‍ സംവിധാനം കമ്പനത്തെ ഇല്ലാതാക്കുന്നു. 

അല്‍ ദാഖിലിയ്യ ഗവര്‍ണറേറ്റിന്റെ ഹൃദയഭാഗമായ മനാഹ് വിലായത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സമീപത്ത് നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ടെങ്കിലും മ്യൂസിയമാണ് ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര, സാംസ്‌കാരിക, സാമ്പത്തിക പദ്ധതികളുടെ ആണിക്കല്ല്.

English Summary:

Oman Across Ages Museum – an epitome of past glories, an icon of the renaissance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com