സ്വദേശിവൽക്കരണം: ഖത്തരികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ പരിശീലനവുമായി സർക്കാർ

Mail This Article
ദോഹ ∙ ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്വദേശികൾക്ക് പ്രത്യേക പരിശീലനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം. സ്വകാര്യമേഖലയിൽ തൊഴിൽ തേടുന്ന സ്വദേശികൾക്ക് പരിശീലനം നൽകുന്നതിന് സ്റ്റാർലിങ്ക് എന്ന സ്ഥാപനവുമായി മന്ത്രാലയം കരാറിൽ ഒപ്പുവച്ചു.
സ്വദേശികളുടെ തൊഴിൽ രംഗത്തുള്ള കഴിവുകൾ വികസിപ്പിക്കാനും തൊഴിൽ വിപണിയിൽ അവരുടെ മത്സരശേഷി വർധിപ്പിക്കാനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ സ്വദേശികളെ സജ്ജരാക്കുന്നതിന് തൊഴിൽ മന്ത്രാലയം ആരംഭിച്ച 'കവാദിർ' പ്ലാറ്റ്‌ഫോമിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സർവകലാശാലാ ബിരുദധാരികളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനങ്ങളാണ് സ്റ്റാർലിങ്ക് നൽകുക.
ബിരുദധാരികളായ സ്വദേശികളെ പരിശീലിപ്പിക്കുന്നതിനും യോഗ്യത നേടുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ അവരുടെ കഴിവുകൾ വികസിപ്പിക്കുക, തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവരെ പ്രാപ്തരാക്കുക എന്നിവയാണ് കരാർ ലക്ഷ്യമിടുന്നത്. ഈ സംരംഭം അവർക്ക് അനുയോജ്യമായ സ്വകാര്യ മേഖലയിലെ തൊഴിൽ നേടാനുള്ള സാധ്യത മെച്ചപ്പെടുത്തും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും പ്രമുഖ കമ്പനികളിൽ തൊഴിൽ ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്.