ബഹ്റൈൻ കേരളീയ സമാജത്തിന്റെ 'ധും ധലാക്ക സീസൺ 6' നാളെ
Mail This Article
മനാമ ∙ ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ഒരുക്കുന്ന നൃത്ത സംഗീത പരിപാടിയായ 'ധും ധലാക്ക സീസൺ 6' നാളെ വൈകിട്ട് 6.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.
ധും ധലാക്കയുടെ ആറാം പതിപ്പിന്‍റെ മുഖ്യ ആകർഷണം പ്രശസ്ത നർത്തകനും നൃത്തസംവിധായകനുമായ നീരവ് ബവ്‌ലേച്ച, പ്രശസ്ത ഗായകനും വയലിനിസ്റ്റുമായ വിവേകാനന്ദൻ എന്നിവരുടെ പ്രകടനമാണ്. ഇവരോടൊപ്പം ബഹ്റൈനിലെ പ്രഗത്ഭരായ നൂറോളം കലാകാരന്മാരും നൃത്ത സംഗീത വിസ്മയക്കാഴ്ചയിൽ അണിചേരും.
സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും സന്ദേശം ലോകത്തിനു മുന്നിൽ പകർന്നുനൽകിക്കൊണ്ട് ദേശീയ ദിനമാഘോഷിക്കുന്ന ബഹ്റൈന് ഐക്യദാർഢ്യവും ആശംസകളും അർപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സമാജം കലാവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ധുംധലാക്കയുടെ പുതിയ പതിപ്പ് സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കലാവിഭാഗം കൺവീനർ ദേവൻ പാലോടിന്‍റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ധുംധലാക്ക സീസൺ 6ന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 39498114 എന്ന നമ്പറിൽ സുനേഷ് സാസ്കോയെയോ 36808098 എന്ന നമ്പറിൽ മനോജ് സദ്ഗമയയെയോ ബന്ധപ്പെടുക.