കുവാഖ്: 'ഖല്‍ബിലെ കണ്ണൂര്‍' സംഗീതനിശ 19ന്
Mail This Article
ദോഹ∙ ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കുവാഖ് 24-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖല്‍ബിലെ കണ്ണൂര്‍ സംഗീതനിശ 19ന് റീജൻസി ഹാളിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
19ന് വൈകിട്ട് ഏഴിന് റീജൻസി ഹാളില്‍ നടക്കുന്ന പരിപാടി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്യും. എംബസി അപെക്സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.കണ്ണൂരിനെ അടിസ്ഥാനമാക്കി കുവാഖ് കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പം വേദിയില്‍ അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന സംഗീതനിശയില്‍ കണ്ണൂര്‍ ഷരീഫും , ശ്വേത അശോകൻ എന്നിവർ ഗാനങ്ങള്‍ അവതരിപ്പിക്കും. അവരോടൊപ്പം ഖത്തറില്‍ നിന്നും ശിവപ്രിയ സുരേഷ്, റിയാസ് കരിയാട് എന്നിവരും വേദിയിലെത്തും.
പരിപാടിയോടനുബന്ധിച്ച് 19ന് രാവിലെ ഖത്തറിലെ വളര്‍ന്നുവരുന്ന ഗായകര്‍ക്ക് വോക്കല്‍ ട്രെയിനിങ് വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. റിയാലിറ്റി ഷോ മെന്‍റര്‍ എന്ന നിലയില്‍ കണ്ണൂര്‍ ഷരീഫ് നയിക്കുന്ന വര്‍ക്ക്ഷോപ്പില്‍ ശ്വേത അശോകും പങ്കെടുക്കും. ദോഹയിലെ കലാകാരന്മാര്‍ക്കായി ആദ്യമായിട്ടാണ് ഇത്തരമൊരു വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. വര്‍ക്ഷോപ്പില്‍ പങ്കെടുക്കാനുള്ള റജിസ്ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്സിലും കുവാഖ് ഭാരവാഹികള്‍ മുഖേനയും ലഭിക്കും. ഗുഡ് വില്‍ കാര്‍ഗോ ടൈറ്റില്‍ സ്പോണ്‍സറായ ഖല്‍ബിലെ കണ്ണൂരിന്‍റെ ഇവന്‍റ് പാര്‍ട്ണര്‍ ക്യൂബ് എന്‍റര്‍ടെയ്ന്‍മെന്‍റാണ്. വാര്‍ത്താ സമ്മേളനത്തില്‍ കുവാഖ് പ്രസിഡന്‍റ് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്ഥാപകാംഗം ഭുവന്‍ രാജ്, കള്‍ച്ചറല്‍ വിങ് സെക്രട്ടറി ഗോപാലകൃഷ്ണന്‍, ഷോ ഡയറക്ടര്‍ രതീഷ് മാത്രാടന്‍, സെക്രട്ടറി സൂരജ് രവീന്ദ്രന്‍, ട്രഷറര്‍ ആനന്ദജന്‍ എന്നിവര്‍ പങ്കെടുത്തു.