രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി നൂർ റിയാദ് ലൈറ്റ് ഫെസ്റ്റിവൽ
Mail This Article
റിയാദ് ∙ പുതിയ രണ്ട് ഗിന്നസ് ലോക റെക്കോർഡ് നേട്ടങ്ങളുമായി റിയാദിന്‍റെ നഗര രാവുകളിൽ വർണ്ണ വെളിച്ച വിസ്മയ കാഴ്ചകൾ സമ്മാനിച്ച നാലാമത് നൂർ റിയാദ് ലൈറ്റ് ഫെസ്റ്റിവൽ സമാപിച്ചു. കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെന്‍ററിൽ നടന്ന പരിപാടിയിലെ ലേസർ ഷോയിൽ രാജ്യാന്തര കലാകാരൻ ക്രിസ് ലെവിന്‍റെ "ഹയർ പവർ" എന്ന കലാസൃഷ്ടിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു. ഏറ്റവും കൂടുതൽ ദൂരത്തിലേക്ക് ലേസർ ബീം സഞ്ചരിച്ചത് ഉപയോഗിച്ചുളള കലാ സൃഷ്ടി നടത്തിയതാണ് ലോക നേട്ടത്തിന് അർഹമാക്കിയത്.
267 മീറ്റർ ദൈർഘ്യത്തിൽ അൽ ഫൈസാലിയ ടവറിന്‍റെ മുകളിൽ നിന്ന് വിക്ഷേപിച്ച ഒരു കിലോവാട്ട് ബീം ഉപയോഗിച്ചുള്ള കലാസൃഷ്ടി റിയാദിലെ നാല് ദിശകളിലേക്ക് വ്യാപിക്കും വിധമായിരുന്നു പ്രസരണം നടത്തിയത്.
പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ നിർമിച്ച 28 മീറ്റർ ഉയരത്തിൽ പിരമിഡിന്‍റെ ആകൃതിയിലുള്ള ഏറ്റവും വലിയ പ്രകാശിതമായ കലാസൃഷ്ടിയെന്ന നിലയിൽ സൗദി കലാകാരൻ റഷീദ് അൽ ഷാഷിയുടെ "ദി ഫിഫ്ത്ത് പിരമിഡ്" എന്ന കലാസൃഷ്ടിയാണ് മറ്റൊരു ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്.
ഫത്ത് അബ്ദുല്ല ഫഡാഗും ആൽഫ്രെഡോ ക്രാമെറോട്ടിയും ചേർന്ന് ക്യൂറേറ്റ് ചെയ്ത നൂർ റിയാദ് ഈ വർഷം കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെന്‍റർ, ജാക്സ് ഡിസ്ട്രിക്റ്റ്, വാദി ഹനീഫ എന്നിവിടങ്ങളിലായി നവംബർ 28 മുതൽ ഡിസംബർ 14 വരെയാണ് നടന്നത്.