ADVERTISEMENT

അബുദാബി ∙ യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഹരിതശോഭ പകർന്ന് വിദേശത്തുനിന്നുള്ള അസ്സൽ ഫിർ മരങ്ങൾ. അമേരിക്ക, കാനഡ, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നാണ് ഇവ ഇറക്കുമതി ചെയ്തത്. നോബിൾ, നോർഡ്മാൻ, ഫ്രൈസർ, ബൽസാം, ഗ്രാൻഡ് തുടങ്ങിയ വകഭേദങ്ങൾ വിപണിയിൽ ലഭ്യം. എന്നാൽ രൂപഭംഗിയും സുഗന്ധവുമുള്ള നോബിളസ് ഫെയറിനും നോർഡ്മാനുമാണ് ആവശ്യക്കാർ കൂടുതൽ. മലയാളികൾ അടക്കമുള്ള പ്രവാസിസമൂഹവും ഫിർ മരങ്ങളുടെ ആരാധകരാണ്. ഓരോരുത്തരുടെയും സാമ്പത്തിക നിലവാരത്തിനു ഇണങ്ങിയ ക്രിസ്മസ് ട്രീകളും വിപണിയിൽ ലഭ്യം.

ആഘോഷങ്ങളെ വർണാഭമാക്കുന്ന പോൺസിറ്റിയ ചെടികളും സുലഭം. ക്രിസ്മസ് ട്രീയുടെ അപരനായ പീസിയ അബിസ്, ചാംസി പാരിഷ് എന്നിവയുടെ അസ്സൽ ചെടികൾ ഹോളണ്ടിൽനിന്നാണ് എത്തിക്കുന്നത്. ഇവയ്ക്ക് വലിപ്പവും വിലയും കുറവാണ്. പ്ലാസ്റ്റിക്കിനെ അകറ്റി പരിസ്ഥിതിയെ ചേർത്തുപിടിക്കുന്നവരാണ് അസ്സൽ ഫിർമരങ്ങളെ ആശ്രയിക്കുന്നവരിൽ ഏറെയും. ഒരു മാസത്തിലേറെ തനിമയോടെ നിൽക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. വിദേശ രാജ്യങ്ങളിലെ കാടുകളിൽനിന്ന് ഹെലികോപ്റ്റർ ഉപയോഗിച്ച് മുറിച്ച് ഐസ് നിറച്ച കണ്ടെയ്നറുകളിലാക്കിയാണ് വലിയ കപ്പലുകളിൽ ഇവ യുഎഇയിൽ എത്തിച്ചത്. കണ്ടെയ്നറുകളിൽ ഒന്നര മാസത്തോളവും പുറത്തെടുത്താൽ ഒരു മാസത്തോളവും കേടുകൂടാതെയിരിക്കും ഫിർമരങ്ങൾ.

ഡിസംബർ ഒന്നിനു തന്നെ അസ്സൽ ഫിർ മരങ്ങൾ വാങ്ങി അലങ്കരിച്ച് ക്രിസ്മസ് കാലത്തെ വരവേൽക്കുന്ന പതിവുണ്ട് വിദേശികൾക്ക്. ഈ പാത പിന്തുടർന്ന് മലയാളികളും നിർജീവമായ പ്ലാസ്റ്റിക് ട്രീയെ ഒഴിവാക്കി ഫിർ മരങ്ങളെ വാങ്ങുന്നതിനാൽ ആവശ്യക്കാരുടെ എണ്ണം കൂടിയതായി കച്ചവടക്കാർ പറഞ്ഞു. കഴിഞ്ഞ വർഷം കണ്ടെയ്നർ ക്ഷാമം മൂലം ട്രീ എത്താൻ വൈകിയതിനാൽ കച്ചവടക്കാർക്ക് വലിയ നഷ്ടമുണ്ടായി. ഇതു മറികടക്കാൻ മുൻകൂട്ടി ഓർഡർ സ്വീകരിച്ചാണ് ആവശ്യക്കാർക്ക് ഫിർമരങ്ങൾ എത്തിച്ചു വിതരണം ചെയ്തുവരുന്നത്.

ഇനവും വലുപ്പവും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ട്. എങ്കിലും 125-140 സെന്റിമീറ്റർ വലുപ്പമുള്ള അസ്സൽ ഫിർ മരങ്ങൾക്ക് 175 ദിർഹമാണ് ശരാശരി നിരക്ക്. 145-170 സെ.മീ വലുപ്പമുള്ളവയ്ക്ക് 265 ദിർഹം, 175-200 സെ.മീ 365, 205-230 സെ.മീ 545, 235-280 സെ.മീ 745 ദിർഹം വിലയുണ്ട്. ക്രിസ്മസ് അലങ്കാരങ്ങളിൽ പ്രധാനമായ പോൺസിറ്റിയ ചെടികൾക്കും ആവശ്യക്കാർ ഏറെ. ചുവപ്പ്, പർപ്പിൾ, വെള്ള നിറങ്ങളിൽ 5 തരം 6, 8, 12, 13, 17 സെ.മീ വലിപ്പമുള്ളവയ്ക്കു യഥാക്രമം 10. 30, 38, 75 ദിർഹമിന് ലഭിക്കും. വിവിധ ഷോപ്പുകളിൽ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും.

English Summary:

The UAE Celebrates Christmas with Authentic Fir Trees Imported from the US, Canada, and the Netherlands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com