വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയില്‍ കിരീടം ചൂടി ഇന്ത്യ
Mail This Article
മസ്‌കത്ത് ∙ ഒമാൻ ആതിഥേയത്വം വഹിച്ച വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ കിരീടം നില നിർത്തി ഇന്ത്യ. മസ്‌കത്തിലെ ആമിറാത്ത് ഹോക്കി സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ചൈനയെ 3-2ന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. ഷൂട്ടൗട്ടിൽ ഇന്ത്യൻ ഗോൾ കീപ്പർ നിതിയുടെ മികച്ച പ്രകടനമാണ് കിരീടനേട്ടത്തിന് തുണയായത്.
ചൈനയുടെ മൂന്ന് ഷോട്ടുകളാണ് നിതി തടുത്തിട്ടത്. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. മുഴുവൻ സമയത്തും 1-1 സമനിലയിൽ കലാശിച്ചതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ആദ്യം ഗോൾ നേടി ചൈന ആധിപത്യം പുലർത്തിയെങ്കിലും 41-ാം മിനിറ്റിൽ ശിവച്ച് കനികയുടെ ഗോളിലൂടെ ഇന്ത്യ സമനില പിടിക്കുകയായിരുന്നു.
ടൂർണമെന്‍റിലെ ലീഗ് റൗണ്ടിൽ ചൈനയോട് വഴങ്ങിയ തോൽവിക്ക് ഇന്ത്യൻ പെൺപട കണക്കു തീർത്തു. വൻ ജയങ്ങളുമായി ടൂർണമെന്‍റിൽ ഉജ്വല കുതിപ്പ് നടത്തിയ ഇന്ത്യയും ചൈനയും ഫൈനലിൽ ഏറ്റുമുട്ടിയത് മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കി. കാണികളുടെ പിന്തുണ മികച്ച കളി പുറത്തെടുക്കാൻ ടീമുകളെ സഹായിച്ചു. മത്സരം കാണാനായി മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഒത്തുകൂടിയിരുന്നു.