ADVERTISEMENT

 ദുബായ്∙ നിക്ഷേപക അവസരങ്ങൾ ദുബായിൽ - സമൂഹമാധ്യമങ്ങളിൽ പ്രവേശിച്ചാൽ ഉടൻ നിങ്ങളുടെ മുൻപിലെത്തുന്ന പരസ്യം ഇതാണ്. ദുബായിൽ ബിസിനസ് അഥവാ ദുബായിൽ നിക്ഷേപം എന്ന സ്വപ്നവും പേറി നടക്കുന്ന ഓരോരുത്തരും കാണുകയും അവരവർക്ക് പറ്റുന്ന തരത്തിലുള്ള ബിസിനസോ അഥവാ നിക്ഷേപമോ  ചെയ്യുക എന്നത് ഇന്ന് സർവസാധാരണമാണ്.

ദുബായ് ബിസിനസ് / നിക്ഷേപം ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് ആളുകൾ ബിസിനസിനും നിക്ഷേപത്തിനും വേണ്ടി ദുബായിൽ എത്തുക പതിവാണ്. ലോകത്തെങ്ങുമുള്ള ആളുകൾ പ്രത്യേകിച്ച് മലയാളികൾ യുഎഇയിൽ  ഏതുതരത്തിലുള്ള നിക്ഷേപ പദ്ധതി/ ബിസിനസ് ആണ് നടത്തിവരുന്നതെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നും യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ.പ്രീത ശ്രീറാം മാധവ് വിശദീകരിക്കുന്നു:

ദുബായ് നഗരം. (ഫയൽ ചിത്രം)
ദുബായ് നഗരം. (ഫയൽ ചിത്രം)

∙ദുബായിലുള്ള നിക്ഷേപക സാധ്യതകൾ

റിയൽ എസ്റ്റേറ്റ്
പ്രാഥമിക ഓഹരി വിൽപന (ഐപിഒ) നിക്ഷേപം
കമ്പനികളിൽ ഉള്ള നിക്ഷേപം
ബോണ്ടുകളിലെ നിക്ഷേപം
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കുന്നത്

∙റിയൽ എസ്റ്റേറ്റ്
യുഎഇയിൽ ഏറ്റവുമധികം ആളുകൾ നിക്ഷേപം നടത്തുന്നതും ബിസിനസ് നടത്തുന്നതും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. യുഎഇയിൽ ഏഴ് എമിറേറ്റുകൾ ആണ് ഉള്ളത്. അജ്മാൻ, ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ദുബായ്, ഫുജൈറ, അബുദാബി എന്നിവയാണ് ഈ എമിറേറ്റുകൾ. എല്ലാ എമിറേറ്റുകളിലും യുഎഇയിലുള്ളവർക്കും പുറത്തുള്ളവർക്കും വാങ്ങാൻ സാധിക്കുന്ന രീതിയിൽ ഭൂമി/ഫ്ലാറ്റ്/വില്ലകൾ/ ഷോപ്പിങ് കോംപ്ലക്സ്/ ഫാമുകൾ എന്നിവ ലഭ്യമാണ്.

lulu-group-retail-ipo-mian-1

∙പ്രാഥമിക ഓഹരി വിൽപന (ഐപിഒ)
പ്രാഥമിക ഓഹരി വിൽപന അഥവാ ഐപിഒ. ഉദാഹരണമായി പറഞ്ഞാൽ ലുലു, സാലിക് മുതലായ വൻകിട കമ്പനികളുടെ ഐപിഒ വാങ്ങുന്നത് മികച്ച നിക്ഷേപങ്ങളിൽ ഒന്നാണ്.

∙ബാങ്കുകളിൽ ഉള്ള ബോണ്ടുകളിൽ നിക്ഷേപം
എഡിസിബി മുതലായ ബാങ്കുകളിൽ നൽകുന്ന ബോണ്ടുകളിൽ നടത്തുന്ന നിക്ഷേപം. ഇത് ഒരു നല്ല നിക്ഷേപമാണ്.

Representational Image.  Image Credit: JohnnyGreig /Istockphoto.com
Representational Image. Image Credit: JohnnyGreig /Istockphoto.com

യുഎഇയിലുള്ള കമ്പനികളിലെ നിക്ഷേപം / പുതിയ കമ്പനികൾ തുടങ്ങുക
യുഎഇയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ രാജ്യത്തുള്ളവരോ പുറത്തുള്ളവരോ നിക്ഷേപം നടത്തുന്ന രീതി. സാധാരണയായി ലോജിസ്റ്റിക് കമ്പനി, അലൂമിനിയം കമ്പനി, ട്രേഡിങ്, സൂപ്പർ മാർക്കറ്റ്/ ഹൈപ്പർമാർക്കറ്റ്, എക്സ്പോർട്ട് ഇംപോർട്ട് കമ്പനി, ഹോട്ടലുകൾ, സ്വർണ വ്യാപാരം, ഓട്ടമൊബീൽ, ഐടി ബിസിനസ്, സർവീസ് ഇൻഡസ്ട്രികളായ ആശുപത്രികൾ, ക്ലിനിക് /ഫാർമസി എന്നിവിടങ്ങളിലാണ് നിക്ഷേപം നടത്താനോ പുതിയത് തുടങ്ങാനോ ആളുകൾ മുന്നോട്ടുവരുന്നത്.

∙പുതിയ നിക്ഷേപകർ അറിയാൻ
പുതുതായി എത്തുന്ന നിക്ഷേപകരെ ദുബായ് സർക്കാർ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നു. ദുബായ് ഗവൺമെന്‍റ് എല്ലാവർക്കും ഒരേ നിയമം നടപ്പിലാക്കുന്നതിന് ലോകത്തിന് തന്നെ മാതൃകയാണ്.

എന്നാലും ചില നിക്ഷേപകർ ചതിയിൽപ്പെടുന്നു. നിക്ഷേപം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയോ ഇവിടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഒളിവിൽ കഴിയുകയോ ചെയ്യുന്നവരുമുണ്ട്. അവർ തിരഞ്ഞെടുക്കുന്ന ബിസിനസ് പങ്കാളികൾ / നിക്ഷേപം നടത്തുന്ന രീതി/ വ്യക്തമായ കരാർ ഉണ്ടാക്കാതെ പണം നിക്ഷേപിക്കുക/ബിസിനസ് പങ്കാളിയെ പണം രേഖകളില്ലാതെ ഏൽപ്പിക്കുക, ബിസിനസ് പങ്കാളിയെ പൂർണമായും വിശ്വസിച്ച് ബിസിനസിന്റെ കണക്കുകൾ നോക്കാതിരിക്കുക, നിയമപരമായി ബിസിനസ് എഗ്രിമെന്‍റ് ഉണ്ടാക്കാതിരിക്കുക ഇതൊക്കെയാണ് പ്രശ്നങ്ങൾക്ക് കാരണം. യുഎഇ നിയമപ്രകാരം നിങ്ങൾ ഒരു കമ്പനിയുടെ പാർട്ണർ ആകുമ്പോൾ കമ്പനിയുടെ ട്രേഡ് ലൈസൻസിലും മെമ്മോറാണ്ടത്തിലും നിയമപരമായി നിങ്ങളുടെ പേരും ഓഹരിയുടെ കണക്കും വരുന്നതായിരിക്കും.

പാർട്ണറായോ മാനേജരായോ ഒരു ട്രേഡ് ലൈസൻസിൽ നിങ്ങളുടെ പേര് വന്നാൽ ആ കമ്പനിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളിലും നിങ്ങൾക്കും ഉത്തരവാദിത്തം ഉണ്ടായിരിക്കും. മാനേജർക്കാണ് ഏറ്റവും കൂടുതൽ ഉത്തരവാദിത്വം. എന്തെങ്കിലും പണം ഇടപാടുകളിൽ ചെക്ക് ബൗൺസ് ആകുന്ന സാഹചര്യത്തിൽ മാനേജറാണ് നിയമക്കുരുക്കിൽ ആദ്യം പെടുന്നത്.

ഈ വക കാര്യങ്ങളെപ്പറ്റി യാതൊരു അറിവും ഇല്ലാതെ പുറത്തുനിന്ന് വരുന്ന പല നിക്ഷേപകരും നഷ്ടത്തിൽ ഓടുന്ന കമ്പനിയുടെ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന ഒരു കമ്പനി വാങ്ങുമ്പോൾ നിയമപരമായി എന്തെങ്കിലും സാമ്പത്തിക ബാധ്യത ആ കമ്പനിക്ക് ഉണ്ടോ എന്ന് അന്വേഷിച്ചതിന് ശേഷം മാത്രമേ നിക്ഷേപം പാടുള്ളൂ. പുതിയ ഒരു കമ്പനിയിൽ നിക്ഷേപം നടത്തുമ്പോൾ ആ കമ്പനിക്ക് നിയമപരമായി എന്തെങ്കിലും സാമ്പത്തിക ബാധ്യത ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം മാത്രമേ തുടർ നടപടികൾ പാടുള്ളൂ. പുതിയ കമ്പനി വാങ്ങുമ്പോഴും ഇത്തരം കാര്യങ്ങൾ നിർബന്ധമായും അന്വേഷിക്കണം. ബാങ്കിൽ നിന്ന് ഏതെങ്കിലും ചെക്ക് പണമില്ലാതെ മടങ്ങിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. പണമില്ലാതെ മടങ്ങിയ എല്ലാ ചെക്കുകളും കേസാകണമെന്നില്ല. അഞ്ചിനും പത്തിനുമിടയിലുള്ള വർഷത്തിൽ എപ്പോൾ വേണമെങ്കിലും ചെക്കിന്മേൽ സിവിൽ കേസ് ഫയൽ ചെയ്യാവുന്നതാണ്.

∙സൈഡ് എഗ്രിമെന്‍റ്
സൈഡ് എഗ്രിമെന്‍റ് അഥവാ കമ്പനിയുടെ ട്രേഡ് ലൈസൻസിൽ പേര് കാണിക്കാതെ കമ്പനിയിലേക്ക് നിക്ഷേപം നടത്തുക. പല നിക്ഷേപകരും ട്രേഡ് ലൈസൻസിൽ പേര് വരാൻ താല്പര്യപ്പെടാറില്ല. പലപ്പോഴും അതിന്റെ കാരണം അവർ വേറെ കമ്പനികളിൽ ജോലി ചെയ്യുകയോ യുഎഇക്ക് പുറത്ത് താമസിക്കുകയോ ആയിരിക്കും. അങ്ങനെ ലൈസൻസിൽ പേരില്ലാതെ ഒരു കമ്പനിക്ക് വേണ്ടി നിക്ഷേപം നടത്തുമ്പോൾ നിക്ഷേപ എഗ്രിമെന്‍റ് യുഎഇ നിയമപ്രകാരം കോടതിയിൽ അറ്റസ്റ്റ് ചെയ്യണം. അതേപോലെ നിക്ഷേപം നടത്തുന്ന ദുബായിലെ സാമ്പത്തിക വിഭാഗം നിക്ഷേപം ചെയ്ത തുക നിയമപരമായി അറിയിക്കുകയും വേണം.

അടുത്തകാലത്തായി എനിക്ക് ഏറ്റവും കൂടുതൽ വരുന്ന യുഎഇയിൽ നിന്നും പുറത്തുനിന്നുമുള്ള കേസ് എൻക്വയറികൾ പാർട്ണർഷിപ്പ് പ്രശ്നങ്ങൾ ഇവയൊക്കെയാണ്: നിക്ഷേപം ചെയ്തു, പക്ഷേ തുക നഷ്ടപ്പെട്ടു, കമ്പനി നന്നായി നടക്കുന്നു, എന്നാൽ ഒരു രീതിയിലുള്ള ലാഭവും ലഭിക്കുന്നില്ല തുടങ്ങിയ പരാതികളാണ്. അതിന് കാരണം നിക്ഷേപ കരാർ യുഎഇ നിയമപ്രകാരം റജിസ്റ്റർ ചെയ്യാത്തതുകൊണ്ട് മാത്രമാണ്.

∙യുഎഇയിലെ റിയൽ എസ്റ്റേറ്റ് നിയമങ്ങൾ അറിഞ്ഞ് നിക്ഷേപം ചെയ്യുക
യുഎഇയിൽ നിലവിൽ വളരെ ലാഭം നൽകുന്ന ബിസിനസ് ആണ് റിയൽ എസ്റ്റേറ്റ് ബിസിനസ് അഥവാ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നത്. യുഎഇയിലെ എല്ലാ എമിറേറ്റ്സിലും ഭൂമി, വില്ല, ഫ്ലാറ്റ്, ഷോപ്പിങ് മാൾ, ഫാം തുടങ്ങിയവ വാങ്ങുന്നത് എന്തുകൊണ്ടും നല്ലൊരു നിക്ഷേപമാണ്. എന്നാൽ നിക്ഷേപം നടത്തുന്ന ആൾ നേരിട്ട് വന്ന് പ്രോപ്പർട്ടി കണ്ടു രേഖകൾ പരിശോധിച്ചു മാത്രം പണം നിക്ഷേപിക്കുക. നിങ്ങൾ വാങ്ങുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാത്രം പണം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. കാഷ് കൈമാറുന്ന രീതി ഒരിക്കലും നടത്താതിരിക്കുക. 

ലോകത്തിന്റെ പലഭാഗത്തുനിന്നും ബിസിനസുകാർ യുഎഇയിലെ പ്രത്യേകിച്ച് ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്താറുണ്ട്. ആ പ്രോപ്പർട്ടി അവർക്ക് വാടകയ്ക്ക് നൽകാനും അതിൽനിന്ന് വരുമാനം ഉണ്ടാക്കാനും സാധിക്കുന്നതാണ്. നിങ്ങൾ വാങ്ങിയ ഫ്ലാറ്റോ വില്ലയോ വാടകയ്ക്ക് നൽകുമ്പോൾ യുഎഇ ലാൻഡ് ഡിപാർട്ട്മെന്‍റ് നിയമപ്രകാരം മാത്രം നൽകുക. സൗഹൃദത്തിന്‍റെയോ ബന്ധത്തിന്റെയോ പേരിൽ എഗ്രിമെന്‍റ് ഇല്ലാതെ ആർക്കും തങ്ങളുടെ പ്രോപ്പർട്ടി ഏൽപിക്കാതിരിക്കുക. ആ പ്രോപ്പർട്ടിയിൽ അവർ ചെയ്യുന്ന എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും നിങ്ങൾ ഉത്തരവാദിത്തം പറയേണ്ടിവരും. മാത്രമല്ല, അറിയാതെ നിയമക്കുരുക്കിൽ പെട്ടുപോകുകയും ചെയ്യും.

∙റിയൽ എസ്റ്റേറ്റ് ബിസിനസ്

യുഎഇയിലെ റിയൽ എസ്റ്റേറ്റ് നിയമത്തെപ്പറ്റി അറിയാതെ നിക്ഷേപം ചെയ്യാനെത്തുന്നവർ അകപ്പെടുന്ന തട്ടിപ്പുകൾ ഏറെയാണ്. യുഎഇ നിയമപ്രകാരം ഒരാൾ വാടകയ്ക്ക് എടുക്കുന്ന ഫ്ലാറ്റോ വില്ലയോ സൂപ്പർ മാർക്കറ്റോ ഹോട്ടലോ റീ റെന്‍റ് എഗ്രിമെന്‍റ് ഇല്ലാതെ വേറൊരാളെ താമസിക്കാനോ ബിസിനസ് നടത്താനോ കൊടുക്കുന്നത് യുഎഇ നിയമപ്രകാരം തെറ്റാണ്. അതുപോലെ, ബിസിനസ് നടത്താൻ കൊടുക്കുമ്പോൾ ബ്ലാങ്ക് ചെക്കുകൾ നൽകുകയും പതിവാണ്. ഇത് നൽകുമ്പോൾ സെക്യൂരിറ്റി ചെക്ക് എന്നാണ് പറയുക. എന്നാൽ യുഎഇ നിയമപ്രകാരം സെക്യൂരിറ്റി ചെക്ക് എന്ന് ഒന്നില്ല. നിങ്ങൾ കൈമാറിയ ചെക്ക് എപ്പോൾ വേണമെങ്കിലും ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യപ്പെടാവുന്നതാണ്. തുക എഴുതാത്ത ചെക്ക് ഒരു കാരണവശാലും ബിസിനസിനോ വ്യക്തിപരമായ കാര്യത്തിനോ ആർക്കും നൽകാതിരിക്കുക. ഇതെല്ലാം നിങ്ങളെ വലിയ നിയമക്കുരുക്കിൽപ്പെടുത്തും. നിയമപരമായി എഗ്രിമെന്‍റ് എഴുതാത്തതുകൊണ്ട് നിങ്ങളുടെ ബിസിനസ് നന്നായി നടന്നുവരുമ്പോൾ ഉടമ തിരിച്ചുവരികയും അത് കൈക്കലാക്കുകയും ചെയ്യുക സർവസാധാരണമാണ്. ഇതിൽ നിയമ സഹായവും ലഭിക്കുന്നതല്ല.

ഏറ്റവും ശ്രദ്ധിക്കേണ്ട വേറൊരു കാര്യമാണ് ഫ്ലാറ്റോ വില്ലയോ നിയമപരമല്ലാതെ അപരിചിതർക്ക് വാടകയ്ക്ക് കൊടുക്കുക. പണം സമ്പാദിക്കാനുള്ള നല്ലൊരു മാർഗം തന്നെയാണെങ്കിലും അവിടെ താമസിക്കുന്ന ആരെങ്കിലും ചെയ്യുന്ന ഏതെങ്കിലും നിയമപരമല്ലാത്ത പ്രവൃത്തിക്ക് നിങ്ങൾ ഉത്തരവാദിത്തം പറയേണ്ടിവരും. ആ ഫ്ലാറ്റിലോ വില്ലയിൽ ഒരു കൊലപാതകമോ ആത്മഹത്യയോ സംഭവിച്ചാലും നിയമപരമായി ഉത്തരം പറയേണ്ടിവരും.

Representative Image. Image Credit:  oneinchpunch/Shutterstock.com
Representative Image. Image Credit: oneinchpunch/Shutterstock.com

ഇങ്ങനെ ചെറിയ പണം സമ്പാദിക്കാനായി വാടകയ്ക്ക് ഫ്ലാറ്റോ വില്ലയോ കൊടുത്ത ഉടമകൾ ലഹരിമരുന്ന്, മദ്യം, പെൺവാണിഭ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്നുണ്ട്. പലരെയും നാട്ടിലേക്ക് കയറ്റി വിട്ടിട്ടുണ്ട്. അവർക്ക് ഇനി ഒരിക്കലും യുഎഇയിലേക്ക് വരാൻ സാധിക്കുന്നതല്ല.

This picture taken on May 9, 2021 shows a view of the Dubai city skyline as seen from the Burj Khalifa, currently the world's tallest building at 828 metres. (Photo by Giuseppe CACACE / AFP)
This picture taken on May 9, 2021 shows a view of the Dubai city skyline as seen from the Burj Khalifa, currently the world's tallest building at 828 metres. (Photo by Giuseppe CACACE / AFP)

∙ഷെയർ മാർക്കറ്റ്: നമ്മുടെ പണം നഷ്ടപ്പെടാതിരിക്കുക
യുഎഇയിൽ ഷെയർ ട്രേഡിങ്ങുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് യുഎഇയിലെ അംഗീകരിച്ച സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ വേണം പണം നിക്ഷേപിക്കാൻ. പുറംനാടുകളിലുള്ള കമ്പനികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് കാർഡുകൾ മൂലം പണം നിക്ഷേപിക്കുന്നത് യുഎഇ ഗവൺമെന്‍റിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്.

അഡ്വ.പ്രീതാ ശ്രീറാം മാധവ്
അഡ്വ.പ്രീതാ ശ്രീറാം മാധവ്

യുഎഇയിൽ ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് എസ് സി എയുടെ വെബ്സൈറ്റിൽ നോക്കി ഈ കമ്പനി റജിസ്റ്റേഡ് ആണോ എന്ന് ഉറപ്പാക്കിയതിനു ശേഷം ആ കമ്പനിയുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. യുഎഇയിലെ നിയമങ്ങൾ അറിഞ്ഞു നിക്ഷേപം/ ബിസിനസ് ചെയ്യുക. സമൂഹമാധ്യമത്തിൽ വരുന്ന പരസ്യങ്ങൾ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. നമ്മുടെ പണം തട്ടിയെടുക്കാൻ ആരെയും അനുവദിക്കരുത്. ഫോൺ: +971 52 731 8377(അഡ്വ.പ്രീതാ ശ്രീറാം മാധവ്).

English Summary:

Investment Opportunities in Dubai: A Guide for New Investors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com