റിയാദ് സീസണിൽ സന്ദർശകർക്ക് 35 കാറുകൾ സമ്മാനം
Mail This Article
റിയാദ് ∙ ഇത്തവണത്തെ റിയാദ് സീസണിൽ സന്ദർശകർക്ക് 35 കാറുകൾ സമ്മാനമായി വിതരണം ചെയ്യുമെന്ന് ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റി പ്രസിഡന്‍റ് തുർക്കി ആലുശൈഖ് അറിയിച്ചു. റിയാദ് സീസൺ സ്പോൺസർമാരായ ചൈനീസ് രാജ്യാന്തര കാർ കമ്പനിയായ ബിവൈഡി ആണ് സമ്മാനമായി വിതരണം ചെയ്യാനുള്ള കാറുകൾ കൈമാറുക.
റിയാദ് സീസണിലെ ഏതെങ്കിലും സോൺ സന്ദർശിച്ച് ആഹ്ലാദവും സന്തോഷവും പ്രകടിപ്പിച്ച് മനോഹരമായ ഫോട്ടോകളെടുക്കുന്നവർക്കാണ് കാറുകൾ സമ്മാനിക്കുകയെന്നും തുർക്കി ആലുശൈഖ് എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു.
റിയാദ് സീസണിലെ റൺവേ സോണിൽ ഉപയോഗിക്കുന്ന ജംബോ വിമാനങ്ങൾ കൂറ്റൻ ട്രെയിലറുകളിൽ ജിദ്ദയിൽ നിന്ന് റിയാദിലേക്ക് കൊണ്ടുപോകുന്ന പശ്ചാത്തലത്തിൽ മനോഹരമായ ഫോട്ടോകളും വിഡിയോകളുമെടുത്തവർക്ക് നിരവധി ലക്ഷ്വറി കാറുകൾ മാസങ്ങൾക്കു മുമ്പ് തുർക്കി ആലുശൈഖ് മുൻകൈയെടുത്ത് വിതരണം ചെയ്തിരുന്നു. ആയിരങ്ങളെ ആകർഷിച്ച പരിപാടിയായിരുന്നു ഇത്. ഇതിന്‍റെ കൂടി തുടർച്ചയായാണ് കാറുകൾ സമ്മാനമായി പ്രഖ്യാപിച്ചത്.