അമ്മമാർക്കും കുട്ടികൾക്കുമായി 'വൗ മോം' മത്സര പരിപാടികളുമായി സമാജം വനിതാവേദി
Mail This Article
മനാമ ∙ ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ "വൗ മോം" വിനോദ, വിജ്ഞാന മത്സര പരിപാടി ജനുവരിയിൽ നടക്കും.
ജനുവരി 9ന് ആരംഭിച്ച് 31ന് ഗ്രാന്റ് ഫിനാലെയോടെ സമാപിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുട്ടിയുടെ മാനസികാരോഗ്യത്തിലും സ്വാഭാവ രൂപീകരണത്തിലും അമ്മമാർ വഹിക്കുന്ന അതുല്യമായ പങ്കിനെ ഓർമ്മപ്പെടുത്തുന്നതിനൊപ്പം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, അവരുടെ സമഗ്രമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് 'വൗ മോം' എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന് സമാജം വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്സും സെക്രട്ടറി ജയ രവികുമാർ വിശദീകരിച്ചു.
പങ്കെടുക്കുന്നവർക്ക് അവർ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ മേഖലകളിൽ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്ന ടാലന്റ് റൗണ്ട്, ഇന്ത്യൻ സിനിമയിൽ നിന്നുളള നൃത്തങ്ങൾ മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിനുള്ള സിനിമാറ്റിക് ഡാൻസ് റൗണ്ട്, മത്സരാർഥിയുടെ കുടുംബാംഗങ്ങൾക്കും പങ്കാളിത്തം ലഭിക്കുന്ന ഫാമിലി ചിത്രീകരണ റൗണ്ട്, മുൻകൂട്ടി നൽകുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംഭാഷണ റൗണ്ട്, ഫാഷൻ ഷോ, ചോദ്യോത്തര റൗണ്ട് എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ റൗണ്ടുകൾ അടങ്ങിയതാണ് മത്സരം.
ഓരോ റൗണ്ടിലും കാഴ്ചവെയ്ക്കുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച അമ്മയെയും രണ്ടും മൂന്നും സ്ഥാനക്കാരെയും നിർണയിക്കുന്നതിനൊപ്പം പ്രേക്ഷക വോട്ടെടുപ്പിലൂടെ മികച്ച ജനപ്രിയ അമ്മയെയും തിരഞ്ഞെടുക്കും. മത്സരാർഥികൾ കർട്ടൻ റൈസർ പ്രോഗ്രാമിന് മുൻപായി സ്വയം പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സമർപ്പിക്കണമെന്നും സംഘാടകർ വ്യക്തമാക്കി. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: നിമ്മി റോഷൻ 32052047, വിജിന സന്തോഷ് 39115221എന്നിവരുമായി ബന്ധപ്പെടണം.
ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, എന്റർടെയ്ന്മെന്റ് സെക്രട്ടറി റിയാസ്, ലിറ്റററി വിംഗ് സെക്രട്ടറി വിനയചന്ദ്രൻ, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയ രവികുമാർ, എന്റർടെയ്ന്മെന്റ് സെക്രട്ടറി വിജിന സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി ജോബി ഷാജൻ പിആർഒ ഗീത പ്രകാശ്, എക്സ്ട്രാ കരിക്കുലർ രചന അഭിലാഷ്, സ്പോർട്സ് ആൻഡ് ഗെയിംസ് വിങ് ധന്യ ശ്രീലാൽ, ചാരിറ്റി വിങ് ദിവ്യ മനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.