ഗൾഫ് മേഖലയിലെ ആദ്യത്തെ അസംസ്‌കൃത എണ്ണശുദ്ധീകരണശാല രാജ്യത്തിന് സമർപ്പിച്ച് ബഹ്‌റൈൻ
Mail This Article
മനാമ ∙ രാജ്യത്തിന്‍റെ ഊർജസ്രോതസ്സിലെ നാഴികക്കല്ല് എന്നറിയപ്പെടുന്ന ബാപ്‌കോ മോഡേണൈസേഷൻ പദ്ധതി (ബിഎംപി) രാജ്യത്തിന് സമർപ്പിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്‍റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഹമദ് രാജാവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്..
ബഹ്‌റൈന്‍റെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെയും ബഹ്‌റൈൻ രാജാവിന്‍റെ സ്ഥാനാരോഹണത്തിന്‍റെ 25-ാം വാർഷികത്തോടനുബന്ധിച്ചുമുള്ള ഒരു സുപ്രധാന നാഴികക്കല്ലായി ഈ പദ്ധതി അറിയപ്പെടും. ഉദ്ഘാടനത്തിനു ശേഷം, ‘എ ജേർണി ത്രൂ ടൈം’ എന്ന പേരിൽ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രദർശനം രാജാവ് സന്ദർശിച്ചു.
ബാപ്‌കോ എനർജിസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ബാപ്‌കോ റിഫൈനിംഗ് ചെയർമാൻ അബ്ദുല്ല ജെഹാദ് അൽ സൈൻ, ബാപ്‌കോ എനർജീസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് മാർക്ക് തോമസ്, ബാപ്‌കോ റിഫൈനിംഗ് ചീഫ് എക്സിക്യൂട്ടീവ് ഡോ. അബ്ദുൾറഹ്മാൻ ജവഹേരി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഭരണാധികാരിയെ സ്വീകരിച്ചു.
രാജ്യത്തെ എണ്ണ പര്യവേക്ഷണത്തിന്‍റെ പ്രാരംഭ ഘട്ടം, ആദ്യത്തെ കയറ്റുമതി, എണ്ണ, വാതക മേഖലയിൽ സ്ഥാപിതമായ വികസന പദ്ധതികൾ തുടങ്ങി ഊർജോൽപാദനത്തിന്‍റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളുടെ വളർച്ചയെ എടുത്തുകാണിക്കുന്നതാണ് പ്രദർശനം. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യകൾ അടക്കമുള്ള ആഗോളതലത്തിലെയും അത്യാധുനിക സാങ്കേതിക വിദ്യകളാലും സജ്ജീകരിച്ചിട്ടുള്ള നൂതനമായ റിഫൈനറി എന്ന നിലയിൽ പദ്ധതിയുടെ പ്രാധാന്യത്തെപ്പറ്റി ഷെയ്ഖ് നാസർ സംസാരിച്ചു.
ബഹ്‌റൈന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപ പദ്ധതിയായ ബാപ്‌കോ ഗൾഫ് മേഖലയിലെ ആദ്യത്തെ അസംസ്‌കൃത എണ്ണശുദ്ധീകരണശാലയാണ്. 15 സബ് സ്റ്റേഷനുകളും 21 പുതിയ പ്രോസസ്സിംഗ് യൂണിറ്റുകളും ഉൾപ്പെടുന്ന പുതിയ പദ്ധതി പ്രാദേശിക പങ്കാളികളോടൊപ്പം പ്രമുഖ കമ്പനികളുടെ ആഗോള കൺസോർഷ്യമാണ് നടപ്പിലാക്കിയത്. 500ലധികം ബഹ്‌റൈൻ എൻജിനീയർമാർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഈ പദ്ധതി ബഹ്‌റൈനിന്‍റെ 2030 വിഷന്‍റെ ഏറ്റവും പ്രധാന ഇനങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.