ശൈത്യകാല അവധിത്തിരക്ക് : യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം
Mail This Article
അബുദാബി/ദുബായ്/ഷാർജ∙ ശൈത്യകാല അവധിക്ക് വിദേശത്തേക്കു പോകുന്നവരുടെ എണ്ണം വർധിച്ചതിനാൽ തിരക്കിൽനിന്ന് രക്ഷപ്പെടാൻ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപുതന്നെ എത്തണമെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടു.
വൈകി എത്തുന്നവർക്ക് നീണ്ട ക്യൂവിൽനിന്ന് യഥാസമയം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചെന്നു വരില്ല. യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടാകും. അതിനാൽ നേരത്തെ വിമാനത്താവളത്തിൽ എത്തി യാത്രാനടപടികൾ പൂർത്തിയാക്കണമെന്ന് ഇൻഡിഗൊ ഉൾപ്പെടെ വിവിധ എയർലൈനുകൾ നിർദേശം നൽകി.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ മാത്രം ഈ മാസം 31 വരെ 52 ലക്ഷം പേർ യാത്ര ചെയ്യുമെന്നാണ് കണക്ക്. ദിവസേന ശരാശരി 2.74 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും തിരക്കേറിയ ദിവസമായി കണക്കാക്കുന്ന ഇന്ന് 2.96 ലക്ഷം പേരാണ് യാത്ര ചെയ്യുക. 20, 21, 22 തീയതികളിൽ മൊത്തം 8.8 ലക്ഷം യാത്രക്കാരെയും പ്രതീക്ഷിക്കുന്നു.
3 തരം ചെക്ക്-ഇൻ
ഹോം ചെക്ക്-ഇൻ, ഏർലി ചെക്ക്-ഇൻ, സിറ്റി ചെക്ക്-ഇൻ എന്നീ സൗകര്യം ഉപയോഗപ്പെടുത്തിയും തിരക്കിൽനിന്ന് രക്ഷപ്പെടാം. അല്ലാത്തവർ 3 മണിക്കൂറിന് മുൻപു തന്നെ വിമാനത്താവളത്തിൽ എത്തി നടപടികൾ പൂർത്തിയാക്കണം.
സമയം ലാഭിക്കാൻ
ലഗേജിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പവർ ബാങ്ക്, ബാറ്ററി എന്നിവ ഹാൻ ബാഗേജിൽ മാത്രമേ വയ്ക്കാവൂ. ബാഗേജ് നിയമം അനുസരിച്ച് പായ്ക്ക് ചെയ്ത് വന്നാൽ സമയം ലാഭിക്കാം. 12 വയസ്സിനു മുകളിലുള്ളവർക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാം. പുറപ്പെടുന്നതിനു മുൻപ് യാത്രാ രേഖകളെല്ലാം ഉറപ്പാക്കുകയും ബാഗേജ് പരിധി പാലിക്കുകയും ചെയ്യണം.
ഗതാഗത കുരുക്ക് ഒഴിവാക്കാൻ
ദുബായ് വിമാനത്താവളത്തിലേക്കു വരാനും തിരിച്ചുപോകാനും മെട്രോ ഉപയോഗിക്കുന്നതാണ് നല്ലത്. ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാമെന്നു മാത്രമല്ല യഥാസമയം എയർപോർട്ടിൽ എത്താനുമാകും. യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിലേക്കു പ്രവേശിപ്പിക്കൂവെന്നും അധികൃതർ ഓർമ്മപ്പെടുത്തി.