ADVERTISEMENT

ദുബായ് ∙ പൊതുഗതാഗതത്തിന്റെ തലവര മാറ്റിയെഴുതുന്ന നിർണായക നിർമാണത്തിന് തുടക്കമിടാൻ ദുബായ് ആർടിഎ. ആഗോള ടെൻഡറിൽ മത്സരിച്ച 15 കമ്പനികളിൽ നിന്ന് 3 കമ്പനികളുടെ കൺസോർഷ്യമാണ് ദുബായുടെ സ്വപ്ന പദ്ധതിയായ മെട്രോ ബ്ലൂ ലൈൻ യാഥാർഥ്യമാക്കുക.

തുർക്കിയിലെ മാപാ, ലിമാക്, ചൈനയിലെ സിആർആർസി എന്നീ കമ്പനികളുടെ കൺസോർഷ്യമാണ്, ബ്ലൂ ലൈൻ നിർമാണത്തിന്റെ കരാറുകാർ. നിർമാണ പ്രവൃത്തികൾ തുർക്കി കമ്പനികൾക്കും ട്രെയിനും റെയിൽവേ സംവിധാനങ്ങളും സ്ഥാപിക്കുന്നതിന്റെ ചുമതല ചൈനീസ് കമ്പനിക്കുമാണ്. 

ദുബായ് മെട്രോ ബ്ലൂലൈൻ നിർമാണം 3 കമ്പനികളുടെ കൺസോർഷ്യത്തിന് കൈമാറുന്ന ചടങ്ങിൽ ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായറും മറ്റ് ആർടിഎ മേധാവികളും കരാർ കമ്പനി ഉദ്യോഗസ്ഥരും പങ്കെടുത്തപ്പോൾ.
ദുബായ് മെട്രോ ബ്ലൂലൈൻ നിർമാണം 3 കമ്പനികളുടെ കൺസോർഷ്യത്തിന് കൈമാറുന്ന ചടങ്ങിൽ ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായറും മറ്റ് ആർടിഎ മേധാവികളും കരാർ കമ്പനി ഉദ്യോഗസ്ഥരും പങ്കെടുത്തപ്പോൾ.

രാജ്യാന്തര തലത്തിൽ ഈ കമ്പനികൾ ഏറ്റെടുത്തു പൂർത്തിയാക്കിയ പദ്ധതികളുടെ വിജയമാണ് ബ്ലൂലൈൻ കരാർ നൽകുന്നതിനു കാരണമായതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽതായർ പറഞ്ഞു. കമ്പനികളുടെ കൺസോർഷ്യം സമർപ്പിച്ച സംയോജിത പദ്ധതി രേഖ മികച്ചതാണെന്നും  സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്നതിൽ  ആത്മവിശ്വാസമുണ്ടെന്നും അൽ തായർ പറഞ്ഞു. 

ദുബായ് മെട്രോ ഓടിത്തുടങ്ങി 15 വർഷം പൂർത്തിയാകുമ്പോഴാണ്, കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതിയ ലൈൻ പ്രഖ്യാപിച്ചത്. 09.09.09ന് ആണ് ദുബായ് മെട്രോ ഓടിത്തുടങ്ങിയത്. അതിനെ അനുസ്മരിപ്പിക്കുന്ന തീയതി തന്നെയാണ് ബ്ലൂ ലൈനിന്റെ ഉദ്ഘാടനത്തിനും തിരഞ്ഞെടുത്തത്. ദുബായ് മെട്രോയുടെ 20ാം പിറന്നാളിനാണ് ബ്ലൂലൈൻ സർവീസ് ഓടിത്തുടങ്ങുക എന്ന പ്രത്യേകതയുമുണ്ട്. ദുബായ് മെട്രോയുടെ ഭാഗ്യ നമ്പരാണ് 9. 

ബ്ലൂ ലൈൻ ഒറ്റനോട്ടത്തിൽ
∙ ആകെ ദൂരം 30 കിലോമീറ്റർ. ഇതിൽ 15.5 കിലോമീറ്റർ ഭൂഗർഭ പാതയും 14.5 കിലോമീറ്റർ ഉപരിതല പാതയുമാണ്. 
∙ സ്റ്റേഷനുകളുടെ എണ്ണം 14
∙ സർവീസ് നടത്തുന്ന ട്രെയിനുകൾ 28‍‍ 
∙ വെള്ളത്തിനു മുകളിലൂടെ 1.3 കിലോമീറ്റർ പാലവും ബ്ലൂലൈനിന്റെ പ്രത്യേകതയാണ്. 
∙ മണിക്കൂറിൽ 46,000 യാത്രക്കാരെ ഇരു ഭാഗത്തേക്കും കൊണ്ടുപോകാൻ ശേഷി. 
∙ റോഡ് ഗതാഗതത്തിൽ പ്രതീക്ഷിക്കുന്ന കുറവ് 20%

​2040ൽ വരും 20 മിനിറ്റ് സിറ്റി
സേവനങ്ങളുടെയും സൗകര്യങ്ങളുടെയും 80 % എങ്കിലും 20 മിനിറ്റ് ദൂരപരിധിക്കുള്ളിൽ ലഭ്യമാക്കാനുള്ള പദ്ധതിയാണിത്.
∙ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലെ പ്രധാന പാർപ്പിട മേഖലകളിലേക്ക് 10– 25 മിനിറ്റിനുള്ളിൽ എത്താൻ ബ്ലൂ ലൈൻ സഹായിക്കും. 2030 ആകുമ്പോഴേക്കും പ്രതിദിനം ദുബായ് മെട്രോ സർവീസ് ഉപയോഗിക്കുന്നവരുടെ എണ്ണം 2 ലക്ഷമായി വർധിക്കും.

2040 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം 3.3 ലക്ഷമാകും. 2040 ലക്ഷ്യമാക്കി ദുബായ് പ്രഖ്യാപിച്ച നഗര വികസന പദ്ധതിയിൽ വിഭാവനം ചെയ്യുന്ന 20 മിനിറ്റ് സിറ്റി എന്ന ആശയം യാഥാർഥ്യമാക്കാൻ പുതിയ മെട്രോ പാതയിലൂടെ സാധിക്കും. 

ദുബായ് നഗരത്തിൽ താമസിക്കുന്നവർക്ക്, ആവശ്യമായ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും 80 ശതമാനമെങ്കിലും 20 മിനിറ്റ് ദൂരപരിധിക്കുള്ളിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് 20 മിനിറ്റ് സിറ്റി.

English Summary:

Dubai Metro Blue Line to start operations on September 9, 2029

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com