കുറഞ്ഞ നിരക്കില്‍ ബസ് ഓൺ ഡിമാൻഡ്; സേവനം കൂടുതൽ മേഖലകളിലേക്ക്
Mail This Article
ദുബായ് ∙ ബിസിനസ് ബേ മേഖലയിലെ ബസ് ഓൺ ഡിമാൻഡിന്റെ നിരക്ക് കുറച്ചു. പൊതുഗതാഗത മേഖലയെ കൂടുതൽ ആളുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനാണ് നിരക്ക് കുറച്ചത്. താമസക്കാരെയും വിനോദ സഞ്ചാരികളെയും പൊതുഗതാഗതത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി ഡയറക്ടർ ആദൽ ഷഖ്രി അറിയിച്ചു. ബിസിനസ് ബേ മേഖലയിൽ ബസ് ഓൺ ഡിമാൻഡിന് ആവശ്യക്കാർ ഏറിയതിനാൽ, 5 ദിർഹത്തിൽ നിന്ന് 2 ദിർഹമായാണ് ചാർജ് കുറച്ചത്.
കുറഞ്ഞ നിരക്കിലുള്ള ബസ് ഓൺ ഡിമാൻഡ് സേവനം 10 പ്രദേശങ്ങളിൽ കൂടി വ്യാപിപ്പിക്കും. അടുത്ത വർഷം പകുതിയോടെ 41 ബസുകളുമായി കൂടുതൽ മേഖലയിൽ ബസ് ഓൺ ഡിമാൻഡ് എത്തുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് കുറച്ചതോടെ ബിസിനസ് ബേയിലെ ഗതാഗത കുരുക്കിനും പരിഹാരമാകും. സ്വന്തം വാഹനത്തിൽ വരുന്നവർ പോലും ബസ് ഓൺ ഡിമാൻഡിലേക്ക് മാറും. ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്ലിക്കേഷൻ വഴിയാണ് വാഹനം ബുക്ക് ചെയ്യേണ്ടത്.