ഡ്യൂട്ടി കഴിഞ്ഞാൽ നേരെ മോർച്ചറിയിലേക്ക്, അമ്മ പകർന്ന കരുത്ത്; 'മരിച്ചവർക്ക്' വേണ്ടി ജീവിക്കുന്ന ബബിത
Mail This Article
ദോഹ∙ ജീവിച്ചിരിക്കുന്നവർക്കായി ഒരുപാട് പേർ ഉണ്ട്. പക്ഷേ മരിച്ചവർക്കു വേണ്ടി ജീവിക്കാൻ അപൂർവം ചിലർക്കേ കഴിയൂ. അത്തരമൊരു അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് ഖത്തറിലെ പ്രാഥമികാരോഗ്യ കോർപറേഷനിലെ (പിഎച്ച്സിസി) നഴ്സ് ആയ കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ബബിത മനോജ്. മൃതശരീരം കുളിപ്പിച്ച് വൃത്തിയാക്കി എംബാം ചെയ്തെടുക്കുകയെന്ന–സ്ത്രീകള്‍ ഭയത്തോടെ കാണുകയും മടികാട്ടുകയും ചെയ്യുന്ന–ദൗത്യമാണ് ദൈവം ഏൽപ്പിച്ച നിയോഗമായി, സേവനമായി കണ്ട് ബബിത സ്വയം ഏറ്റെടുത്തത്.
അചഞ്ചലമായ മനസ്സും സേവനതത്പരതയും ദൈവഭക്തിയും ഉള്ളവര്‍ക്കു മാത്രം ഏറ്റെടുക്കാന്‍ കഴിയുന്ന സേവനം. അപ്രതീക്ഷിതമായി പ്രവാസത്തിൽ ഉതിര്‍ന്നു വീഴുന്ന ചേതനയറ്റ ശരീരങ്ങളെ മതമോ ജാതിയോ ദേശമോ ലിംഗമോ പ്രായമോ നോക്കാതെ കുളിപ്പിച്ച് പുതു വസ്ത്രങ്ങൾ അണിയിച്ചൊരുക്കി എംബാം ചെയ്ത് നാട്ടിലേയ്ക്ക് അയയ്ക്കുകയെന്ന നിസ്തുലമായ ദൗത്യം പ്രാർഥനയോടെ ബബിത ഏറ്റെടുത്തിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു.
ഹാജിക്കയുടെ പാത പിന്തുടർന്നവർ
1968 മുതൽ ഖത്തറിൽ മരണാനന്തര ശുശ്രൂഷ ചെയ്തിരുന്ന ഏക വൃക്തി ജീവകാരുണ്യ പ്രവർത്തകനായ തൃശൂർ ചാവക്കാട് സ്വദേശി അബ്ദുൾ ഖാദർ ഹാജി എന്ന ഹാജിക്കയായിരുന്നു. 1993 മുതൽ എച്ച്എംസിയിൽ നഴ്സിങ് സൂപ്പർവൈസർ ആയിരുന്ന കൊച്ചി സ്വദേശിനി മോളി പോളി മാത്യുവും ഈ രംഗത്തേക്ക് എത്തി. 2013 ൽ ഹാജിക്ക മരിച്ചു. മോളി പോളി മാത്യു പ്രവാസം മതിയാക്കി നാട്ടിലേക്കും മടങ്ങിയതോടെ എച്ച്എംസിയിൽ നഴ്സ് ആയിരുന്ന തിരുവല്ലക്കാരി റീന തോമസും ബബിതയും സഹോദരി സബിതയും സബിതയുടെ ഭർത്താവ് ദിലീപും സഹപ്രവർത്തകരായ ടീന, സിനി, സുഹൃത്തുക്കളായ ലിബീഷ്, ജോജി എന്നിവരും ചേർന്ന് 2013 മുതൽ മരണാനന്തര ശുശ്രൂഷയിൽ സജീവമായി.
സഹോദരിയും ഭർത്താവും കാനഡയിലേക്കും റീന കഴിഞ്ഞ വർഷം ന്യൂസിലൻഡിലേക്കും ജോജി ഓസ്ട്രേലിയയ്ക്കും പോയതോടെ ബബിതയ്ക്കൊപ്പം ലിബീഷും നീനയും സിനിയുമാണ് ഇപ്പോഴുള്ളത്.
മരണാനന്തര സേവനത്തിലേയ്ക്ക്
2003 ൽ ആണ് ബബിത ഖത്തറിലെത്തുന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ എമർജൻസി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ നിന്ന് പിഎച്ച്സിസിയിലേക്ക് മാറി. 2013 ൽ സഹോദരി സബിതയുടെ ഭർതൃപിതാവ് മരിച്ചപ്പോഴാണ് ആദ്യമായി ബബിത ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) മോർച്ചറിയിലേക്ക് പ്രവേശിക്കുന്നത്. പപ്പയെ കുളിപ്പിച്ച് ഒരുക്കി നാട്ടിലേക്ക് അയയ്ക്കാൻ ആരുമില്ലാതെ വന്നപ്പോൾ മടിക്കാതെ ആ ദൗത്യം സ്വയം ഏറ്റെടുത്തു. മോർച്ചറിയിലെത്തുന്ന മൃതദേഹങ്ങളെ കുളിപ്പിച്ചൊരുക്കാൻ ആരുമില്ലെന്നു ബോധ്യമായതോടെ സ്വന്തം മൊബൈൽ നമ്പർ മോർച്ചറി അധികൃതരെ ഏൽപ്പിച്ചാണ് ബബിതയും സഹോദരിയും മടങ്ങിയത്.
പിറ്റേന്ന് തന്നെ മോർച്ചറിയിൽ ഉണ്ടായിരുന്ന മറ്റൊരു മൃതദേഹം കൂടി കുളിപ്പിച്ച് ഒരുക്കിയാണ് മരണാനന്തര ശുശ്രൂഷയിലേയ്ക്ക് ബബിത സജീവമാകുന്നത്.ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞുള്ള സമയങ്ങളിലാണ് ബബിതയും കൂട്ടരും ജീവിതത്തിലേയ്ക്ക് മടങ്ങി വരാത്തവര്‍ക്കായി സമയം ചെലവഴിക്കുന്നത്.
ദൈവം ഏൽപിച്ച നിയോഗം
ആശുപത്രിയിലെ ജോലിയ്ക്കിടെ മോർച്ചറിയിൽ നിന്ന് വിളിയെത്തും. ജോലി കഴിഞ്ഞാൽ നേരെ മോർച്ചറിയിലേക്ക്. ചില ദിവസങ്ങളിൽ 3 മൃതദേഹങ്ങൾ വരെ എംബാം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ബബിത ഓർക്കുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ–ഇക്കഴിഞ്ഞ വർഷങ്ങൾക്കിടെ ബബിതയുടെ മുൻപിലെത്തിയത് അപകടമായും മാരക രോഗങ്ങളാലും ജീവന്‍ നഷ്ടമായ നൂറുകണക്കിന് ചേതനയറ്റ ശരീരങ്ങളാണ്. തലയോട്ടി വരെ ചിതറി തെറിച്ചു പോയ ശരീരങ്ങള്‍ മുൻപിലെത്തുമ്പോള്‍ അവസാനമായി ബന്ധുക്കൾക്ക് കാണാൻ കഴിയുന്ന തരത്തിൽ പറ്റാവുന്നത്ര ഒരുക്കിയാണ് കൊടുക്കുന്നത്.
മൃതദേഹം എംബാം ചെയ്തു കൊടുക്കുക മാത്രമല്ല പറ്റുന്ന സന്ദര്‍ഭങ്ങളില്‍ ബന്ധുക്കൾക്കൊപ്പം പ്രാര്‍ഥനയിലും പങ്ക് ചേരും. ''ദൈവം ഏൽപിച്ച നിയോഗമായി കരുതുന്നു. മരിച്ചവരുടെ മൃതദേഹം നാട്ടിലെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തുമ്പോൾ അവരുടെ മുഖമെങ്കിലും നന്നായി ഇരിക്കണമെന്നും അവരെ മനോഹരമായി ഒരുക്കി വിടണമെന്നും തോന്നി"– ബബിതയുടെ വാക്കുകളിൽ നിശ്ചയദാർഢ്യത്തിന്റെ തിളക്കമാണ്. 'ചുറ്റുപാടും കൺതുറന്ന് നോക്കണം, എല്ലാവരെയും സഹോദരങ്ങളെ പോലെ ചേർത്തു പിടിക്കണമെന്ന' അധ്യാപിക ആയിരുന്ന അമ്മ സൂസന്റെ വാക്കുകളാണ് തനിക്ക് കരുത്താകുന്നതെന്ന് ബബിത പറയുന്നു. സഹപ്രവർത്തകരുടെ പിന്തുണ കൂടിയായപ്പോൾ കുടുംബത്തിനായി മരുഭൂമിയില്‍ കഷ്ടപ്പെടുന്നതിനിടെ അടര്‍ന്നു പോകുന്ന ജീവനുകളുടെ മോക്ഷത്തിലേക്കുള്ള യാത്രയില്‍ കൈത്താങ്ങായി മാറാൻ ബബിതയ്ക്ക് കഴിഞ്ഞു.
പപ്പയ്ക്കു വേണ്ടിയും മകളെത്തി
പിതാവ് ജോർജിന്റെ അപ്രതീക്ഷിത മരണവും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളുടെയും 3 വർഷങ്ങൾക്ക് മുൻപ് ഈദ് അവധിയാഘോഷത്തിനായി സീലൈനിലേയ്ക്ക് പോകവെ വാഹനാപകടത്തിൽ മരിച്ച കുടുംബത്തിന്റെ മൃതദേഹങ്ങളും മുൻപിലെത്തിയതാണ് ബബിതയെ ഏറെ വേദനിപ്പിച്ചത്.
ഇക്കഴിഞ്ഞ നവംബറിൽ രോഗബാധിതനായി ആശുപത്രിയിലായിരുന്ന പിതാവ് ജോർജിനെ കാണാൻ നാട്ടിലെത്തിയ ബബിതയ്ക്ക് പപ്പയുടെ മരണം കൺമുൻപിൽ കാണേണ്ടി വന്നുവെന്നു മാത്രമല്ല മൃതദേഹം കുളിപ്പിച്ച് ഒരുക്കി പ്രാർഥനയോടെ അടക്കം ചെയ്യാനുള്ള നിയോഗം കൂടിയാണ് ദൈവം നൽകിയത്.
കരുത്തേകി കുടുംബം
ആശുപത്രിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാതെ നേരെ മോർച്ചറിയിലേക്കാണ് ബബിതയും കൂട്ടരും പോകുന്നത്. അർധരാത്രി ചിലപ്പോൾ പുലരും വരെ മോർച്ചറിയിൽ മരിച്ചവരെ കുളിപ്പിച്ച് ഒരുക്കാൻ കഴിയുന്നത് കുടുംബം നൽകുന്ന ശക്തമായ പിന്തുണ കൊണ്ടു മാത്രമാണെന്ന് ബബിത പറയുന്നു. 4 മക്കളാണ് ബബിതയ്ക്ക്. ദോഹയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് മനോജ് മാത്യുവും മക്കളായ നാട്ടിൽ ഐടി എൻജിനീയറായ കെവിനും ബിരുദ വിദ്യാർഥിയായ അലനും ബബിതയ്ക്ക് ധൈര്യവും ആത്മവിശ്വാസവും നൽകുന്നുണ്ട്. ദോഹയിൽ 10–ാം ക്ലാസ് വിദ്യാർഥിനിയായ മിഖയും എട്ടാം ക്ലാസ് വിദ്യാർഥിനിയായ റബേക്കയും അമ്മയുടെ പ്രവർത്തിയെ അഭിമാനത്തോടെയാണ് നോക്കികാണുന്നതും.
ദോഹയിലുള്ള സഹോദരൻ ബോബിയും ഭാര്യ ബിന്ദുവും ബബിതയുടെ സേവന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകാൻ കൂടെയുണ്ട്. ആരുമറിയാതെ, മരിച്ചവരുടെ ബന്ധുക്കൾക്കു പോലും മുഖം കൊടുക്കാതെ ജീവിച്ച ബബിതയുടെ നന്മ കേട്ടറിഞ്ഞ് ഒട്ടനവധി പുരസ്കാരങ്ങളും ആദരങ്ങളും ബബിതയെ തേടി എത്തുന്നുണ്ട്. ആതുര സേവന രംഗത്തെ വേറിട്ട മുഖമായ ബബിത മനോജ് മരിച്ചവർക്കായി ജീവിക്കുകയാണ്–ദൈവത്തോട് ചേർന്നു നിൽക്കുന്ന മാലാഖയായി.