കാലത്തിനൊപ്പം കുതിച്ച് ദുബായിലെ ഗതാഗത പദ്ധതികൾ: അതിവേഗ യാത്രയ്ക്കായി പുതിയ പാലം
Mail This Article
ദുബായ് ∙ ഹെസാ സ്ട്രീറ്റിൽ നിന്ന് അൽ ഖെയിൽ റോഡിലേക്ക് 1 കിലോമീറ്റർ നീളത്തിൽ പുതിയതായി നിർമിച്ച രണ്ടുവരി പാലം ഗതാഗതത്തിനായി തുറന്നു. പാലം യാഥാർഥ്യമായതോടെ ദുബായിലെ പ്രധാന കേന്ദ്രങ്ങളിലേക്കും രാജ്യാന്തര വിമാനത്താവളത്തിലേക്കുമുള്ള യാത്ര കൂടുതൽ സുഗമമാകും.
ഹെസാ സ്ട്രീറ്റിൽ നിന്ന് അൽ ഖെയിൽ റോഡിലേക്കുള്ള യാത്രാ സമയം 15 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും. ഹെസാ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ 54% പൂർത്തിയായതായി ആർടിഎ അറിയിച്ചു. 4 ഇന്റർസെക്‌ഷനുകൾ ഉൾപ്പെടെയാണ് നിർമാണം. അടുത്ത വർഷത്തോടെ മുഴുവൻ ജംക്‌ഷനുകളുടെയും നിർമാണം പൂർത്തിയാകും.
ഷെയ്ഖ് സായിദ് റോഡിൽ നിന്നു തുടങ്ങി അൽ ഖെയിൽ റോഡ് വരെയുള്ള 4.5 കിലോമീറ്ററിലാണ് വികസന പ്രവൃത്തികൾ നടക്കുന്നത്. ഹെസാ സ്ട്രീറ്റിലെ പ്രധാന ഇന്റർ സെക്‌ഷനുകളായ ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖെയിൽ റോഡ്, അൽ അസായൽ സ്ട്രീറ്റ്, അൽ ഖെയിൽ റോഡ് എന്നിവയാണ് വികസിപ്പിക്കുന്നത്. ഹെസാ സ്ട്രീറ്റ് റോഡ് രണ്ടിൽ നിന്ന് 4 വരിയായി വികസിപ്പിക്കും. നിർമാണം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 8000 വാഹനം കടന്നു പോകാനുള്ള സൗകര്യം റോഡിലുണ്ടാകും. ഇവിടെ 13.5 കിലോമീറ്റർ നീളത്തിൽ സൈക്കിൾ ട്രാക്കിന്റെ നിർമാണവും പൂർത്തിയായി വരുന്നു. ആകെ 68.9 കോടി ദിർഹത്തിന്റെ പദ്ധതിയാണിതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.
അൽ സുഫൂഹ് 2, ബർഷ റസിഡൻഷ്യൽ ഏരിയ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കാണ് പദ്ധത കൂടുതൽ പ്രയോജനകരമാകുക. 2030 ആകുമ്പോഴേക്കും ഈ മേഖലയിൽ 6.4 ലക്ഷം താമസക്കാരുണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഹെസാ സ്ട്രീറ്റ് വഴി മണിക്കൂറിൽ 16,000 വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയും. നിലവിൽ ഇത് 8000 വാഹനങ്ങളാണ്. അൽ സുഫൂഹിനെ ദുബായ് ഹിൽസുമായി ബന്ധിപ്പിച്ചാണ് 13.5 കിലോമീറ്റർ സൈക്കിൾ ട്രാക്ക് നിർമിക്കുന്നത്. മണിക്കൂറിൽ 5200 സൈക്കിളുകൾ കടന്നുപോകാൻ ശേഷിയുള്ളതാണ് ട്രാക്ക്.