ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ശാസ്ത്രമേള: അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് പുരസ്കാരം
Mail This Article
അബുദാബി ∙ ശാസ്ത്ര, സാങ്കേതിക കൗതുകങ്ങളുടെ നേർക്കാഴ്ചകളൊരുക്കി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സയൻസ് എക്‌സ്‌പോ സംഘടിപ്പിച്ചു. യുഎഇയിലെ 14 സ്കൂളുകളിൽനിന്നുള്ള 200ലേറെ വിദ്യാർഥികൾ പങ്കെടുത്ത ശാസ്ത്രമേളയിൽ മികച്ച സ്‌കൂളിനുള്ള എപിജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ കരസ്ഥമാക്കി.
സുസ്ഥിര വികസനം, ആരോഗ്യം, സാങ്കേതികവിദ്യ, ഭാവി പ്രതിഭാസം എന്നിങ്ങനെ 4 വിഭാഗങ്ങളിലായിരുന്നു പ്രദർശനം. മോഡൽ പ്രൈവറ്റ് സ്‌കൂൾ അബുദാബി (വൈദ്യശാസ്ത്രം), പ്രൈവറ്റ് ഇന്റർനാഷനൽ ഇംഗ്ലിഷ് സ്‌കൂൾ (സാങ്കേതികവിദ്യ), എമിറേറ്റ്‌സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി (സുസ്ഥിര വികസനം) എന്നീ സ്കൂളുകൾ വിവിധ വിഭാഗങ്ങളിൽ ജേതാക്കളായി. സമാപന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്രട്ടറി സർജിത് കട്‌ല മുഖ്യാതിഥിയായിരുന്നു.
വിവിധ സ്‌കൂൾ പ്രിൻസിപ്പൽമാരായ നീരജ് ബാർഗവ്, സുരേഷ് ബാലകൃഷ്ണൻ, പ്രജ്ഞ ചൻചത് എന്നിവർക്കു പുറമെ സി.സമീർ, ഹൈദർ ബിൻ മൊയ്ദു, ഡോ.ഡാനിഷ് സലിം, ഡോ.മഹർ അലൻ ദിവി, ഡോ.ഇസ്‌ലാം അബു സഹദ്, ഡോ.ലജീഷ് ജബ്ബാർ, ഡോ.ഇമാദ് ഷഹറോറി, ഡോ.ബൽക്കീസ് ഷെയ്ഖ്, ഡോ. സൈനബ് റഷീദ്, ഡോ.മോണിക്ക സച്ചിദേവ എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഹാഷിം ഹസൻകുട്ടി, എംപിഎം റഷീദ്, ടി.മുഹമ്മദ് ഹിദായത്തുല്ല, ബി.സി.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.