ADVERTISEMENT

അബുദാബി ∙ നാടിന്റെ രുചിക്കൂട്ടിൽ പരമ്പരാഗത ‘നസ്രാണി സദ്യ’യൊരുക്കി മറുനാട്ടിൽ വിശ്വാസികളെ വിരുന്നൂട്ടുകയാണ് യുഎഇയിലെ ഹോട്ടലുകൾ. ചെറുതും വലുതുമായ ഹോട്ടലുകളിൽ ശനിയാഴ്ച ആരംഭിച്ച ക്രിസ്മസ് വിരുന്ന് പുതുവർഷം വരെ തുടരും. 

പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമെല്ലാം ക്രിസ്മസ് മയമാക്കിയാണ് ഭക്ഷണപ്രേമികളെ ആകർഷിക്കുന്നത്. പ്ലം കേക്കും മുന്തിരിച്ചാറും നൽകിയാണ് അതിഥികളെ സ്വീകരിക്കുന്നത്. പ്രാതലിനാണെങ്കിൽ പിടിയും കോഴിയും പാലപ്പവും താറാവ് മപ്പാസും. വെള്ളപ്പവും ബീഫും വേണ്ടവർക്ക് അങ്ങനെ.

ഉച്ചയ്ക്കാണെങ്കിൽ കട്‌ലറ്റ്, സാലഡ്, ചല്ലാസ്, അപ്പം, സ്റ്റൂ, താറാവ് റോസ്റ്റ്, ബീഫ് ഫ്രൈ, കോഴിക്കറി, മീൻ വറ്റിച്ചത്, പുളിശ്ശേരി, തോരൻ, പച്ചടി, മോര്, രസം, അച്ചാർ, പപ്പടം, മാങ്ങാക്കറി, ചോറ്, ബീഫ് കോക്കനട്ട് പെപ്പർ ഫ്രൈ, കള്ളപ്പം, പായസം തുടങ്ങിയവ ഉൾപ്പെടുന്ന ക്രിസ്മസ് വിരുന്നാണ് ചില ഹോട്ടലുകൾ നൽകുന്നത്. ആവശ്യക്കാരന്റെ അഭിരുചിക്കിണങ്ങുന്ന വിധം പ്രത്യേകം തയാറാക്കി നൽകുകയും ചെയ്യുന്നു.

പാഴ്സലായും എത്തിച്ചുകൊടുക്കുന്നു. വിഭവങ്ങളുടെ എണ്ണമനുസരിച്ച് 25 മുതൽ 50 ദിർഹം വരെ പാഴ്സൽ സദ്യയ്ക്ക് ഈടാക്കുന്നു. ടർക്കി – താറാവ് മപ്പാസ്, മുയൽ റോസ്റ്റ്, മാൻ റോസ്റ്റ്, ഒട്ടക റോസ്റ്റ് തുടങ്ങി വിവിധ ഇനങ്ങൾ ആവശ്യം അനുസരിച്ച് വീട്ടിൽ എത്തിക്കുന്ന ഹോട്ടലുകളുമുണ്ട്. കള്ളപ്പം, മട്ടൻ സ്റ്റൂ, കുട്ടനാടൻ ചിക്കൻ കറി, ഞണ്ട് റോസ്റ്റ്, മീൻ പൊള്ളിച്ചത്, കക്ക ഇറച്ചി, കാട്ടുപോത്ത് വരട്ടിയത്, എല്ലുകറി, കപ്പ തുടങ്ങി ഓരോ നാടിന്റെയും പ്രത്യേക വിഭവങ്ങളൊരുക്കിയാണ് വിവിധ ഹോട്ടലുകൾ ആഹാര പ്രേമികളെ ആകർഷിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സൗജന്യമായി വീടുകളിൽ എത്തിക്കുന്നവരുമുണ്ട്.‌

പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ മൂന്നു നേരത്തെ ഭക്ഷണത്തിലും മലബാർ, മധ്യകേരളം, തിരുവിതാംകൂർ വിഭവങ്ങൾ പ്രത്യേകമായി ലഭിക്കുന്ന ഹോട്ടലുകളുണ്ട്.  ക്രിസ്മസ് ദിനത്തിൽ എത്തുന്ന സന്ദർശകരെ കേക്കും മിഠായിയും നൽകി സാന്താക്ലോസ് സ്വീകരിക്കും.

പ്രവൃത്തിദിവസത്തിൽ എത്തുന്ന ക്രിസ്മസ് പാർസൽ സദ്യകൊണ്ട് ആഘോഷമാക്കാനാണ് ജോലിക്കാരായ ദമ്പതികളുടെയും ബാച്ചിലേഴ്സിന്റെയും തീരുമാനം. ക്രിസ്മസ് വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത കുടുംബങ്ങളും പാഴ്സൽ സദ്യയെ ആശ്രയിക്കുന്നു. ചിലർ ആഘോഷം രാത്രിയിലേക്കു മാറ്റി. ലീവെടുത്ത് കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പദ്ധതിയിട്ടവരും ഏറെ. ബിസിനസുകാരുടെ ക്രിസ്മസ് ആഘോഷങ്ങൾ ദിവസങ്ങൾക്കു മുൻപേ തുടങ്ങിയിരുന്നു.

English Summary:

UAE Hotels Celebrate Christmas with Traditional 'Nasrani Sadya' and Festivities Until New Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com